തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് കേസിൽ ഒടുവിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറായി. ഉദ്യോഗസ്ഥരെയും അധ്യാപകരെയുമെല്ലാം ഒഴിവാക്കി അഞ്ച് എസ്.എഫ്.ഐ നേതാക്കളെയും സിവില്‍ പൊലിസ് ഓഫിസറെയും പ്രതി ചേർത്താണ് കുറ്റപത്രം.
ഈമാസം കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം. ആരോപണവിധേയരായ മൂന്ന് ഇന്‍വിജിലേറ്റര്‍മാരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. തട്ടിപ്പ് നടന്ന് നാലരവര്‍ഷം കഴിയുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ പൂർവവിദ്യാർഥികളും എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം, പി.പി. പ്രണവ്, സഫീര്‍, പ്രവീണ്‍ എന്നിവരും പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ സിവില്‍ പൊലിസ് ഓഫിസറായിരുന്ന ഗോകുലുമാണ് പ്രതിപ്പട്ടികയിൽ. ഗുഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഐ.ടി ആക്ട് എന്നിവയാണ് കുറ്റങ്ങള്‍.
യൂനിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികളും എസ്.എഫ്.ഐ മുൻ യൂനിറ്റ് ഭാരവാഹികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ റാങ്ക് പട്ടികയിൽ ഉന്നത റാങ്ക് നേടിയതാണ് കേസിനാധാരം. 2018 ജൂലൈയിൽ നടന്ന സിവില്‍ പൊലിസ് ഓഫിസര്‍ പരീക്ഷയില്‍ ഒന്നും രണ്ടും 28ഉം റാങ്കുകളാണ് ഇവർ നേടിയത്. കൃത്യമായി ക്ലാസില്‍പോലും കയറാത്ത പ്രതികളുടെ റാങ്ക് നേട്ടത്തേക്കുറിച്ച അന്വേഷണമാണ് പി.എസ്.സി പരീക്ഷ തട്ടിപ്പിലേക്ക് വിരല്‍ചൂണ്ടിയത്. കോപ്പിയടിച്ചാണ് മൂവരും ഉന്നത റാങ്ക് നേടിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. പൊലീസ് കോൺസ്റ്റബിളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി കിട്ടിയ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 2019 അവസാനം തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും മൂന്നര വര്‍ഷത്തോളം നടപടികളെല്ലാം പൂഴ്ത്തി. പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് കുറ്റപത്രം തയാറാക്കിയത്.
ശിവരഞ്ജിത്തും പ്രണവും നസീമും പരീക്ഷ ഹാളിലിരുന്ന് സ്മാര്‍ട് വാച്ചിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചോദ്യപേപ്പര്‍ സ്കാന്‍ ചെയ്ത് പുറത്തേക്കയച്ചു. സഫീര്‍, ഗോകുല്‍, പ്രവീണ്‍ എന്നിവര്‍ ഗൂഗിളില്‍ നോക്കി ഉത്തരം കണ്ടെത്തി തിരിച്ചും നല്‍കിയെന്നാണ് കണ്ടെത്തല്‍. പരീക്ഷ മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് മൂന്ന് ഇന്‍വിജിലേറ്റര്‍മാരെ പ്രതിചേര്‍ത്തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന വിലയിരുത്തലില്‍ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.