തൃ​ശൂ​ർ അ​യ്യ​ന്തോ​ൾ ഗ്രൗ​ണ്ട് പ​രി​സ​ര​ത്തു​നി​ന്നു​ള്ള കാ​ഴ്ച.   ഫോട്ടോ: ജോൺസൺ വി. ചിറയത്ത്

പൂരനഗരിയിൽ പുലിപ്പൂരം...

തൃശൂർ: കോവിഡ് കവർന്ന രണ്ടുവർഷം അടക്കിവെച്ച ആവേശം മുഴുവൻ പുറത്തെടുത്ത് പുലിക്കൂട്ടങ്ങൾ പൂരനഗരിയിൽ നിറഞ്ഞാടി. രാവിലെ മുതൽ‍ തൃശൂർ നഗരം പുലിക്കളി ആവേശത്തിലായിരുന്നു. വൈകീട്ടോടെ നഗരത്തിലിറങ്ങിയ ഓരോ പുലിക്കൂട്ടവും പ്രധാന ചടങ്ങ് നടക്കുന്ന സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങി. വൈകീട്ട് അഞ്ചോടെ പൂങ്കുന്നം ദേശമാണ് റൗണ്ടിൽ ആദ്യം പ്രവേശിച്ചത്.

നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് നൃത്തച്ചുവടുകൾ വെച്ചു. പിന്നാലെ ശക്തൻ, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ ദേശങ്ങളിൽനിന്നായി 250ഓളം പുലികളാണ് പൂരനഗരിയിലെത്തിയത്. ഇടക്ക് മഴയൊന്ന് ഭയപ്പെടുത്തിയെത്തിയെങ്കിലും മിനിറ്റുകൾക്കകം പോയ് മറഞ്ഞു. പുലിക്കൂട്ടങ്ങളും ആൾക്കൂട്ടങ്ങളും ഇറങ്ങിയപ്പോൾ തൃശൂരിന്‍റെ രണ്ടാംപൂരം കെങ്കേമമായി. പുലികൾക്കൊപ്പം ആവേശം നൃത്തം ചവിട്ടി ജനങ്ങളും നാലോണനാളിന്‍റെ സന്ധ്യയെ അവിസ്മരണീയമാക്കി. പുലിയാഘോഷം കാണാൻ വിദേശികളടക്കമുള്ളവർ എത്തിയിരുന്നു.

ഓരോ പുലിക്കളി സംഘത്തേയും ആരവങ്ങളോടെയാണ് ജനക്കൂട്ടം വരവേറ്റത്. പുരാണങ്ങളും സാമൂഹിക വിഷ‍യങ്ങളും ഉൾപ്പെടുത്തിയ നിശ്ചല ദൃശ്യങ്ങൾ ആഘോഷത്തിന് പൊലിമയേകി. കുട്ടിപ്പുലികളും പുള്ളിപ്പുലികളും കരിമ്പുലികളും വെള്ളപ്പുലികളും കൂടാതെ ഹൈടെക് ന്യൂജന്‍ പുലികളും ആസ്വാദകമനം കവർന്നു. കുടവയര്‍ കുലുക്കുന്ന പുലികള്‍ക്കിടയില്‍ കുട്ടിപ്പുലികളുടെ ചുവടുകള്‍ കൗതുകമായി. അസുരവാദ്യവും അരമണികിലുക്കവും ആഹ്ലാദാരവുമായി നഗരം മണിക്കൂറുകളോളം പ്രകമ്പനം കൊണ്ടു.

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ രാജ്യത്ത് ദുഃഖാചരണം നടക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകളില്ലാതെയായിരുന്നു പുലിക്കളിയാഘോഷം. ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിൽ അഞ്ഞൂറിലധികം പൊലീസുകാരാണ് സുരക്ഷ ഒരുക്കിയത്.

Tags:    
News Summary - Pulikkali at Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.