പുല്ലുപാറ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നൽകുമെന്ന് ഗതാഗത മന്ത്രി

പീരുമേട്: പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കും. അപകടത്തെക്കുറിച്ച് അടിയന്തിര അന്വേഷണത്തിനും ഉത്തരവിട്ടതായും മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

ദേശീയപാത-183ൽ പുല്ലുപാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ്​ നാലു പേർ മരിക്കുകയും 33 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. മാവേലിക്കര മറ്റം വടക്ക്​ കാർത്തികയിൽ ഹരിഹരൻപിള്ളയുടെ മകൻ അരുൺ ഹരി (37), മാവേലിക്കര കൗസ്തുഭം വീട്ടിൽ ജി. കൃഷ്ണന്‍ ഉണ്ണിത്താന്‍റെ (റിട്ട. സെന്‍ട്രല്‍ എക്‌സൈസ് സൂപ്രണ്ടന്റ്) ഭാര്യ ബിന്ദു ഉണ്ണിത്താൻ (54), മാവേലിക്കര തട്ടാരമ്പലം മറ്റം തെക്ക്​ സോമസദനം സംഗീത്​ സോമൻ (42), മാവേലിക്കര പല്ലാരിമംഗലം കോട്ടക്കകത്ത്​ തെക്കേതിൽ മോഹനൻ നായരു​ടെ ഭാര്യ രമ മോഹൻ (62) എന്നിവരാണ്​ മരിച്ചത്​.

മാവേലിക്കര ഡിപ്പോയിൽ നിന്ന്​ വിനോദസഞ്ചാരത്തിന്​ പോയ ബസ്​ തഞ്ചാവൂരിൽ നിന്ന്​ മടങ്ങിവരവേ​ തിങ്കളാഴ്ച രാവിലെ 6.15ഓടെ​ അപകടത്തിൽപെടുകയായിരുന്നു. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ടൂർ കോഓഡിനേറ്ററുമുൾപ്പെടെ 37 പേരാണ്​ ബസിലുണ്ടായിരുന്നത്​. പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളജ്, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, പാലാ മെഡിസിറ്റി എന്നിവിടങ്ങളിൽ ചികിത്സയിലാണ്​. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പരിക്കേറ്റ്​ ചികിത്സയിലുള്ള ഡ്രൈവർ രാജീവ്​ പറഞ്ഞു.

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാക്കേജിന്‍റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർഥാടനത്തിന് പോയ സൂപ്പർ ഡീലക്സ് ബസാണ്​ കൊക്കയിലേക്ക്​ മറിഞ്ഞത്​. കുട്ടിക്കാനം-മുണ്ടക്കയം റോഡിൽ പുല്ലുപാറ കള്ളിവേലിൽ എസ്റ്റേറ്റിന്റെ സമീപത്തായിരുന്നു അപകടം. ക്രാഷ് ബാരിയർ തകർത്ത് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രാഷ് ബാരിയറിലും വൈദ്യുതി തൂണിലെ കേബിളുകളിലും ഇടിച്ച ശേഷം ബസ്​ മരത്തിൽ തങ്ങിനിന്നതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.

അപകടം നടക്കുമ്പോൾ യാത്രക്കാർ മിക്കവരും ഉറക്കത്തിലായിരുന്നു. വലിയ ശബ്​ദംകേട്ട്​ നാട്ടുകാരാണ്​ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയത്​. ഉടൻതന്നെ ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, പട്രോളിങ് സംഘം, അഗ്നിരക്ഷാസേന എന്നിവരും എത്തി. ബസിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ്​​ കീഴ്​ക്കാംതൂക്കായ കൊക്കയിൽനിന്ന്​ റോഡിൽ എത്തിച്ചത്​.

ഗുരുതര പരിക്കേറ്റ രാധാകൃഷ്ണൻ (64), ഉഷാകുമാരി (60), സോമശേഖരൻ (57), ഉണ്ണിത്താൻ (60) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാധാദേവി (65), പൊന്നുണ്ണി പിള്ള (67), ജയപ്രകാശ് (58), മല്ലിക (52), രമ്യ (36), മോഹൻ നായർ (66), ഹരിത (32), വാസുദേവൻ (70), രാജീവ് (49), പത്മകുമാരി (63), ശ്രീകല (58), ഡിക്സൺ (52), രാജൻ നായർ (69), രാജശേഖരൻ പിള്ള (67), ജയലക്ഷ്മി (60), രാജേഷ് (39), ഇന്ദിരാദേവി (62), കൃഷ്ണകുമാർ (38), ശോഭന (65), ഉഷ പിള്ള (54), രേഷ്മ (36), ശാന്ത ഷിബു (49), ഷിബു (53), അരുൺ (45) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags:    
News Summary - Pullupara Accident: Transport Minister to give 5 lakhs Compensation to the families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.