എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കുന്ന മിസ്ബാഹ്
മേപ്പയൂർ: വലിച്ചിഴച്ചതുകൊണ്ടോ മർദിച്ചതുകൊണ്ടോ ലോക്കപ്പിൽ നിർത്തിയതുകൊണ്ടോ പുറക്കാമല ഖനനവിരുദ്ധ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് പൊലീസ് അതിക്രമത്തിനിരയായ 10ാം ക്ലാസുകാരൻ കീഴ്പയ്യൂരിലെ വാളിയിൽ മിസ്ബാഹ് പറയുന്നു. ചൊവ്വാഴ്ച പുറക്കാമലയിൽ കരിങ്കൽ ഖനനം നടത്താൻ പൊലീസ് സംരക്ഷണത്തിൽ വന്ന ക്വാറിക്കാരെ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞപ്പോൾ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ, അറസ്റ്റ് ചെയ്യുന്നതിനനുസരിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആളുകൾ ഖനനം തടയാൻ എത്തിയിരുന്നു.
ബുധനാഴ്ച നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷക്ക് പഠിക്കുകയായിരുന്ന മിസ്ബാഹ് 12 മണിയോടെ സമരത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. ക്വാറിക്കാരെ പ്രതിരോധിച്ചുകൊണ്ട് സമരരംഗത്ത് നിലയുറപ്പിച്ച മിസ്ബാഹിനെ എട്ടോളം പൊലീസുകാരാണ് വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റിയത്. വൈകുന്നേരമാണ് കുട്ടിയെ മേപ്പയൂർ പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചത്. മിസ്ബാഹിന്റെ കൂടെ പരീക്ഷ എഴുതുന്ന മറ്റ് കുട്ടികൾ വീടുകളിലിരുന്ന് പഠിക്കുമ്പോൾ അവൻ നാടിന്റെ കാവലായ മലയെ സംരക്ഷിക്കാനുള്ള സമരത്തിൽ പൊലീസ് അതിക്രമത്തിനിരയായി ലോക്കപ്പിലായിരുന്നു. തലക്കും കൈക്കുമെല്ലാമുള്ള വേദന സഹിച്ചാണ് അവൻ ബുധനാഴ്ചത്തെ പരീക്ഷക്ക് പോയത്. പരീക്ഷ കഴിഞ്ഞ് വന്നതിനുശേഷം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
വേദന പൂർണമായും ഭേദമായിട്ടില്ലെന്നാണ് മിസ്ബാഹ് പറയുന്നത്. കുന്നും മലകളുമെല്ലാം ഇടിച്ചുനിരത്തിയുള്ള വികസനം പരിസ്ഥിതിയെ തകർക്കുമെന്നാണ് പാഠഭാഗങ്ങളിൽ പഠിക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാവണമെന്നും പഠിക്കാനുണ്ട്. അതുകൊണ്ട് ഈ സമരത്തിൽ പങ്കാളിയായ ഞാൻ സമൂഹത്തോടുള്ള എന്റെ ഉത്തരവാദിത്തമാണ് നിറവേറ്റിയത്. എന്ത് പ്രയാസങ്ങൾ ഉണ്ടായാലും അത് ഇനിയും തുടരുമെന്നും ഈ 15കാരൻ ശക്തമായി വ്യക്തമാക്കുന്നു.
മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ഈ ധീരൻ കീഴ്പയ്യൂരിലെ വാളിയിൽ നൗഷാദ്-ജാസ്മിൻ ദമ്പതികളുടെ മകനാണ്. ഇവരും പുറക്കാമല സമരത്തിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.