കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ന് അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ സ്ട്ര​ച്ച​റി​ലെ​ത്തി​യ പു​ഷ്പ​ൻ

സമരപാതയോരങ്ങളിലെ ചെമ്പനിനീർപൂവ്

കണ്ണൂർ: കൂത്തുപറമ്പില്‍ വെടിയേറ്റു വീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. പക്ഷെ, നീണ്ട 30 വര്‍ഷങ്ങളായി ജനാലക്കരികിലെ കിടക്കയില്‍ നിശ്ചലനായി കിടക്കുമ്പോഴും ഒരു വിപ്ലവ കവിത കണ​​ക്കെ പോരാട്ടവീഥികളിൽ അനേകായിരങ്ങളുടെ അടങ്ങാത്ത ആവേശമാണയാൾ. കേരളത്തിലെ പ്രക്ഷുബ്ധ രാഷ്ട്രീയ സമര പോരാട്ടങ്ങളിലെ ജീവിക്കുന്ന രക്തസാക്ഷി. കൂത്തുപറമ്പിന്റെ സമരഗാഥകൾ മുദ്രാവാക്യങ്ങളായപ്പോൾ പുഷ്പനെ ഏറ്റുവിളിക്കാതെ ഒരു സമരമുഖവും കടന്നുപോയിട്ടില്ല. മൂന്ന് പതിറ്റാണ്ടോളം മലർന്നുമാത്രം കിടന്ന് നിരവധി സഖാക്കളുടെയും സഹപ്രവർത്തകരുടെയും സ്നേഹാദരങ്ങളും അഭിവാദ്യങ്ങളും ഏറ്റുവാങ്ങി ഒടുവിൽ മടക്കം. സി.പി.എമ്മിന് പുഷ്പനേക്കാൾ വലിയ വൈകാരിക പ്രതീകമില്ലായിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി സമരയൗവനങ്ങൾ ഇടവേളകളില്ലാതെ പ്രിയസഖാവിന് കരുത്തുപകരാനെത്തി. സഖാക്കൾ അവന് മുന്നിൽ വിപ്ലവഗാനങ്ങൾ ആലപിച്ചു. തണ്ടൊടിഞ്ഞിട്ടും വാടാതെ നിൽക്കുന്ന പുഷ്പനും കവിതയായി. നാലുചുവരുകൾക്കുള്ളിൽ തളംകെട്ടിനിന്ന വരികളിൽ കൂടിനിന്നവർ കണ്ണുനിറച്ചപ്പോഴും പുഷ്പൻ മാത്രം ഹൃദയത്തിൽ മുഷ്ടിചുരുട്ടി മനസിൽ ഈക്വിലാബ് വിളിച്ചു. ഭരണത്തിലും സംഘടനാതലത്തിലും നേതൃനിരയിലെത്തിയവരുടെ പ്രഥമ അജൻഡകളിൽ മേനപ്രത്തെ പുഷ്പന്റെ വീട് സന്ദർശനവും ഇടംപിടിച്ചു.

കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറെ വേരോട്ടമുള്ള ​ചൊക്ലി മേനപ്രത്തെ കർഷകതൊഴിലാളികളായ പുതുക്കുടിയിൽ കുഞ്ഞൂട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളിൽ അഞ്ചാമനായാണ് പുഷ്പന്റെ ജനനം. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലം. ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠനം നിർത്തിയതും ജീവിതപ്രാരാബ്ദത്താൽ. ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. പിന്നീട് എസ്.എഫ്​.ഐയിലും ഡി.വൈ.എഫ്.ഐയിലും. 1994 നവംബർ 25 വെള്ളിയാഴ്ച ജോലി ആവശ്യാർഥം ബംഗളൂരുവിലേക്ക് പോകാനിറങ്ങിയപ്പോഴാണ് സഹപ്രവർത്തകർക്കൊപ്പം പുഷ്പൻ കൂത്തുപറമ്പിലെ സമരമുഖത്തേക്ക് എത്തുന്നത്. സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി കൂത്തുപറമ്പ് അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.വി. രാഘവനെ യുവജനങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു.

കൂത്തുപറമ്പ് തലശ്ശേരി റോഡിലായിരുന്നു പാനൂർ മേഖലയിൽനിന്ന് പോയ പ്രവർത്തകർ നിലയുറപ്പിച്ചിരുന്നത്. കണ്ണൂർ റോഡിലാണ് ആദ്യം ലത്തി ചാർജ് തുടങ്ങിയത്. തോക്കും ലാത്തിയുമായി പൊലീസുകാർ തലശ്ശേരി ഭാഗത്തേക്കും ഇരച്ചെത്തി. വെടിയേറ്റുവീണ കെ.കെ. രാജീവനെ താങ്ങിപ്പിടിക്കാൻ ഓടിയെത്തുന്നതിനിടയിൽ പുഷ്പന്റെ കഴുത്ത് തുളച്ച വെടിയുണ്ട പുറത്തേക്കുപോയി. റോഡിൽ കുഴഞ്ഞുവീണ പുഷ്പനെ സഹപ്രവർത്തകർ താങ്ങിപ്പിടിച്ചു. നിലവിളികൾ നിറഞ്ഞ തെരുവിൽ വണ്ടിയൊന്നും ലഭിക്കാതായപ്പോൾ സമീപത്തെ കടയിൽ ബിസ്കറ്റുമായെത്തിയ വാഹനത്തിലാണ് പുഷ്പനെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചത്. ജീവൻ രക്ഷിക്കാൻ അടിയന്തിര ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസ് കുതിച്ചു. കോഴിക്കോട് ജില്ലയിൽ ബന്ദായിരുന്നതിനാൽ റോഡാകെ തടിയും ടയറും തടസം തീർത്തിരുന്നു. ഏറെ പണിപ്പെട്ടാണ് കോഴിക്കോടെത്തിയത്. വിദഗ്ധ ചികിത്സയിൽ ജീവൻ തിരിച്ചുകിട്ടി, പക്ഷെ സുഷുമ്ന നാഡി തകർന്ന ശരീരം കഴുത്തിന് താഴെ തകർന്നു. ഒരുവർഷം നീണ്ടുനിന്ന ചികിത്സക്ക് ശേഷമാണ് പുഷ്പൻ തിരിച്ച് മേനപ്രത്തെ വീട്ടിലെത്തിയത്. പാർട്ടിപ്രവർത്തകർ സ്ട്രക്ചറിൽ താങ്ങിയെടുത്ത് ഓടിട്ട കുഞ്ഞുവീട്ടിൽ മകനെ കിടത്തിയ​പ്പോൾ മാതാവ് ലക്ഷ്മിയുടെ കരച്ചിൽ കനകമലയും കയറിയിറങ്ങിപ്പോയി.

സി.പി.എം പ്രവർത്തകർക്കും അണികള്‍ക്ക് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ അപൂര്‍വ്വം അവസരങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്. ആ യാത്രകളേറെയും അവസാനിച്ചിരുന്നത് ആശുപത്രികളിലാണ്. കോടിയേരി ബാലകൃഷ്​ണന് അന്ത്യോപചാരമർപ്പിക്കാൻ സ്ട്രക്ചറിലെത്തിയ പുഷ്പൻ കണ്ടുനിൽക്കുന്നവരിൽ നോവുപടർത്തിയാണ് മടങ്ങിയത്. പലവിധ ആരോഗ്യപ്രശ്ങ്ങളാൽ നിരവധി തവണ ആശുപത്രിയപ്പോഴും തളരാത്ത മനോവീര്യത്താൽ എല്ലാം പുഷ്പൻ അതിജീവിച്ചു.

2021 നവംബറിൽ ചൊക്ലി മേനപ്രത്തെ തറവാട് വീടിനോട് ചേർന്ന് ഡി.വൈ.എഫ്‌.ഐ നിർമിച്ചു നൽകിയ ഇരുനില വീട്ടിലേക്ക് താമസം മാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് താക്കോൽ കൈമാറിയത്. കട്ടിൽ പുറത്തേക്ക് ഇറക്കാൻ പ്രത്യേക ഗ്ലാസ് വാതിൽ അടക്കം കിടപ്പിലായ പുഷ്പന്റെ ശാരീരികാവസ്ഥക്ക് ചേർന്ന വിധമാണ് വീട് ഒരുക്കിയത്. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പേരാണ് ഇതുവരെ പുഷ്പനെ സന്ദർശിക്കാനെത്തിയത്. അവർ നൽകി ഉപഹാരങ്ങളും ഓർമക്കുറിപ്പുകളും ചുമരുകൾ നിറച്ചു. കവിതചൊല്ലിയും മുദ്രാവാക്യം വിളിച്ചും അവർ പ്രിയ സഖാവിനെ ജീവിക്കാൻ കരുത്തുനൽകികൊണ്ടേയിരുന്നു. ഒടുവിൽ അവസാനിക്കാത്ത സമരയൗവനം അവസാനിപ്പിച്ച് പുഷ്പൻ മടങ്ങി. ‘തണ്ടൊടിഞ്ഞിട്ടും വാടാതങ്ങനെ നില്‍പ്പാണവനൊരു ചെമ്പനിനീര്‍പ്പൂവ്, അവനൊരു നാടിന്‍ തേങ്ങലാണേങ്ങലാണ് ഉയിരാണുശിരാണ്’’... കവിത തുടരുകയാണ്.

Tags:    
News Summary - Pushpan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.