കോട്ടയം: വ്യക്തിഹത്യയും വാദപ്രതിവാദങ്ങളുമെല്ലാം ഉയർന്നുനിന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഫലം എന്തായാലും അത് മുന്നണികൾക്ക് നിർണായകം. വികസനം പറഞ്ഞ് വോട്ട് ചോദിച്ച എൽ.ഡി.എഫിന് മണ്ഡലത്തിൽ ജയിക്കാൻ സാധിച്ചില്ലെങ്കിൽ അത് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലുൾപ്പെടെ ഗുണകരമാകില്ല. വിജയത്തിന്റെ കാര്യത്തിൽ യു.ഡി.എഫിന് സംശയമില്ലെങ്കിലും ഭൂരിപക്ഷമാണ് അവരുടെ ആശങ്ക.
ആദ്യഘട്ടത്തിൽ ചാണ്ടി ഉമ്മനിലൂടെ അനായാസ ജയമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,000ത്തിലധികം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം അവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞതോടെ ആ ആത്മവിശ്വാസം നേതാക്കളിൽ പ്രകടമല്ല. പോളിങ് കുറഞ്ഞതാണ് ഇതിന് പ്രധാനകാരണം.
15,000ൽ താഴെയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെങ്കിൽ വിജയത്തിൽ കൂടുതൽ അവകാശവാദമൊന്നും ഉന്നയിക്കാൻ യു.ഡി.എഫിന് സാധിക്കില്ല. മറിച്ച് എൽ.ഡി.എഫിനാകട്ടെ ഉമ്മൻ ചാണ്ടിയുടെ സഹതാപതരംഗം മൂലമെന്ന വാദമുയർത്തി മറികടക്കാനുമാകും. യു.ഡി.എഫ് നേതാക്കൾ ഒരുമിച്ച് നിരന്നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്.
മൂന്നാംതവണ മത്സരിക്കുന്ന ജെയ്ക് സി. തോമസ് പരാജയപ്പെടുകയാണെങ്കിൽ അത് വ്യക്തിപരമായി ജെയ്ക്കിനും പുതുചരിത്രം സൃഷ്ടിക്കാനിറങ്ങിയ എൽ.ഡി.എഫിനും തിരിച്ചടിയാകും. വോട്ടെടുപ്പ് പ്രഖ്യാപിച്ച വേളയിൽ സർക്കാറിന്റെ വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന പ്രതികരണമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുതവണ മണ്ഡലത്തിൽ പ്രചാരണം നടത്തിയിരുന്നു.
പുതുപ്പള്ളി മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വലിയ സ്വാധീനമുണ്ടെന്നാണ് അവകാശവാദം. ബി.ജെ.പിക്കും ഇത് മുഖംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ കോൺഗ്രസ്-ബി.ജെ.പി ബാന്ധവം സി.പി.എം ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.