ഇനി വിവാഹം ഇല്ല; ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ

ഇനി വിവാഹം ഇല്ല; ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ

പുതുപ്പാടി (താമരശ്ശേരി): ലഹരി ഇടപാടുകാർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ കടുത്ത തീരുമാനങ്ങളുമായി കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലുള്ള മുസ്‍ലിം മഹല്ല് കമ്മറ്റികൾ.

ലഹരിക്ക് അടിമകളായ രണ്ടുപേർ നടത്തിയ രണ്ടുകൊലപാതകങ്ങൾക്ക് പഞ്ചായത്ത് സാക്ഷിയായ സാഹചര്യത്തിലാണ് എല്ലാ വിഭാഗം മുസ്‍ലിം മഹല്ല് പ്രതിനിധികളും യോഗം ചേർന്ന് പ്രതിരോധ നടപടികൾ ആവിഷ്‍കരിച്ചത്.

ലഹരി ഉപയോഗിക്കുന്നവരുടെ വിവാഹങ്ങളുമായി മഹല്ലുകൾ സഹകരിക്കില്ലെന്നും അത്തരക്കാരുടെ വിവാഹം ചെയ്തുകൊടുക്കില്ലെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഭീതിദമായ തോതിൽ ലഹരി ഉപയോഗം വർധിച്ചത് കണക്കിലെടുത്താണ് നീക്കം. പുതുപ്പാടി പഞ്ചായത്തിലെ സുന്നി- മുജാഹിദ് – ജമാഅത്തെ ഇസ്‍ലാമി പള്ളികളിലെ ഭാരവാഹികൾ യോഗത്തിൽ പ​ങ്കെടുത്തു.

കഴിഞ്ഞ ദിവസം ലഹരിക്കടിമയായ യാസിർ എന്ന യുവാവ് ഭാര്യ ഷിബിലയെ വെട്ടിക്കൊന്നതും കട്ടിപ്പാറ വേനക്കാവില്‍ മുഹമ്മദ് ആഷിഖ് എന്നയാൾ ഉമ്മയെ കൊലപ്പെടുത്തിയതും പുതുപ്പാടി പഞ്ചായത്ത് പരിധിയിലാണ്.

വിവാഹം ലഹരി ഉപയോഗം ഇല്ലാത്തവരുമായി മാത്രമാക്കും, പെൺകുട്ടികളുടെ സൗഹൃദങ്ങൾ അപകടം വിളിച്ചു വരുത്താതിരിക്കാൻ ബോധവൽകരണം നടത്തും, ഫലപ്രദമായ പാരന്റിംഗ് എങ്ങനെ വേണമെന്ന് മഹല്ല് തലത്തിൽ പരിശീലനം നൽകും, സമൂഹത്തെ വെല്ലുവിളിച്ച് ലഹരിയുമായി നടക്കുന്നവരെ മഹല്ലിൽ ബഹിഷ്കരിക്കും, ലഹരിക്കെതിരെ മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്മ രൂപീകരിക്കും, മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരും പൊലീസും നടത്തുന്ന നടപടികളോട് സർവ്വ തലത്തിലും സഹകരിക്കും തുടങ്ങിയ തീരുമാനങ്ങളാണ് മഹല്ല് ഭാരവാഹികളുടെ യോഗം കൈക്കൊണ്ടത്.

Tags:    
News Summary - puthuppadi mahal committee against drug users, acts tough on drug suppliers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.