പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കുറ്റപത്രം ജനുവരിയില്‍

പരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റപത്രം ജനുവരിയില്‍ സമര്‍പ്പിക്കും. ക്ഷേത്രകമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട് ലൈസന്‍സികളും അവരുടെ ജീവനക്കാരും അടക്കം 55ഓളം പേരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം തയാറാക്കുന്നത്. ഇതില്‍ പതിനഞ്ചോളം പേര്‍ക്ക് എതിരെയെങ്കിലും കൊലപാതകക്കുറ്റം ചുമത്തിയേക്കും.
അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നേരത്തേതന്നെ മേലുദ്യോഗസ്ഥരുടെ പരിഗണനക്ക് നല്‍കിയിരുന്നെങ്കിലും കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകുകയായിരുന്നു.  ആദ്യം തയാറാക്കിയ കുറ്റപത്രത്തില്‍ നിരവധി പോരായ്മകളും പഴുതുകളും ഉണ്ടായിരുന്നതായിരുന്നു കാരണം. ഇത് ചൂണ്ടിക്കാട്ടി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവ പരിഹരിക്കാന്‍ അന്വേഷണസംഘത്തിന് മടക്കി നല്‍കി. ഇത് വിശദമായി പരിശോധിച്ച് പഴുതുകള്‍ അടച്ചുള്ള കുറ്റപത്രം തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കുറ്റപത്രത്തിന് അന്തിമരൂപം നല്‍കാന്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി ജി. ശ്രീധരന്‍െറ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പുറ്റിങ്ങല്‍ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി, ലൈസന്‍സിയും ഭാര്യയുമായ അനാര്‍ക്കലി എന്നിവരെയും കൂട്ടിയായിരുന്നു ഇത്. വെടിക്കെട്ടിന് സാമഗ്രികള്‍ എത്തിച്ച സ്ഥലം, കൊണ്ടുവന്ന വഴികള്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ ഏപ്രില്‍ 10ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു രാജ്യത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തമുണ്ടായത്.
Tags:    
News Summary - puttingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.