തിരുവനന്തപുരം: ആർ.എസ്.എസ് കൂടിക്കാഴ്ചയിലെ രാഷ്ട്രീയ ശരികേട് സി.പി.ഐയും ആർ.ജെ.ഡിയും പരസ്യമായി ഉന്നയിച്ചിട്ടും വിശ്വസ്തനായ എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഇടതുമുന്നണിയെ കലുഷിതമാക്കും. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും പി.വി. അൻവർ വെല്ലുവിളി അവസാനിപ്പിക്കുന്നില്ലെന്നത് മുന്നണിയെയും സർക്കാറിനെയും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ആർ.എസ്.എസ് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി എന്തിന് ഇത്രത്തോളം സാഹസത്തിന് തയാറാകുന്നെന്ന ചോദ്യം സി.പി.എമ്മിലുമുണ്ട്.
ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഇടതുസർക്കാറിൽ പൊലീസിന്റെ സുപ്രധാന പദവിയിൽ തുടരാൻ പാടില്ലെന്ന് മുന്നണി യോഗത്തിൽ സി.പി.ഐയും ആർ.ജെ.ഡിയും ഉന്നയിച്ച ആവശ്യം മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതോടെ നിർബന്ധിതാവസ്ഥയിൽ നിലപാട് പരസ്യമായി പറഞ്ഞിട്ടും വഴങ്ങാൻ തയാറല്ലെന്ന സന്ദേശമാണ് വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയത്. ഇതോടെ അജിത് കുമാർ ചുമതലയിൽ തുടരുവോളം സി.പി.ഐയും ആർ.ജെ.ഡിയും പൊതുസമൂഹത്തിന് മുന്നിൽ മുഖം നഷ്ടപ്പെട്ട നിലയായി.
വിശ്വസ്തരായ പി. ശശി, എം.ആർ. അജിത് കുമാർ എന്നിവർക്കെതിരെ രംഗത്തുവന്ന പി.വി. അൻവർ സ്വർണക്കടത്തുകാരുടെ ആളെന്ന് വരുത്താനാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ശ്രമിച്ചത്. അൻവറിന് നിയമവിരുദ്ധമായ കാര്യങ്ങൾ ആവശ്യപ്പെട്ടത് നടത്തിക്കൊടുക്കാത്തതിന്റെ വിരോധമാണെന്നും പറയാതെ പറഞ്ഞു. മണിക്കൂറുകൾക്കകം മറുപടി പറഞ്ഞ അൻവർ, അജിത് കുമാർ എഴുതിക്കൊടുത്തതാണ് മുഖ്യമന്ത്രി ഏറ്റുപാടുന്നതെന്നാണ് കുറ്റപ്പെടുത്തിയത്.
പാർട്ടിയും ഭരണവും കൈപ്പിടിയിലൊതുക്കിയ പിണറായി വിജയന് നേരെ ഇത്തരമൊരു വെല്ലുവിളി സമീപകാലത്ത് ഉയർന്നിട്ടില്ല. പിണറായി നിലപാട് വ്യക്തമാക്കിയതോടെ അൻവറിനെ തള്ളി പാർട്ടി നേതാക്കളും അണികളും അടുത്ത ദിവസങ്ങളിൽ രംഗത്തുവരാനാണ് സാധ്യത. എന്നാൽ, അൻവറിനെ തളക്കുകയെന്നത് എളുപ്പമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.