നിലമ്പൂർ: ‘കൈയ്യും കാലും വെട്ടി ചാലിയാറിൽ എറിയും’ എന്ന കൊലവിളി മുദ്രാവാക്യം മുഴക്കിയുള്ള സി.പി.എമ്മിന്റെ പ്രകടനത്തിന് പരിഹാസം കലർന്ന മറുപടിയുമായി പി.വി അൻവർ. ‘എറണാകുളത്ത് ഒരുത്തൻ വെട്ടിക്കൊണ്ടിരിക്കുകയാണ്. അതിന് പകരം രണ്ട് കാലിന് ഓർഡർ ചെയ്തിട്ടുണ്ട്. വയനാട്ടിൽ നിന്ന് വന്ന കുറച്ച് കാലുകൾ ചാലിയാറിൽ കാണാതായിട്ട് നമ്മൾ തിരഞ്ഞിട്ട് കിട്ടിയിട്ടില്ല. അതിന്റെ കൂട്ടത്തിൽ രണ്ട് കാലുകൾ കൂടി പോകുമോ എന്നറിയില്ല. ആകെ രണ്ടു കാലേയുള്ളു, ഇവരെല്ലാം കൂടി വെട്ടിയാൽ എന്തുചെയ്യും എന്നറിയില്ല’ -അൻവർ പറഞ്ഞു.
കൂടെ നടന്നവരാണ് ഇപ്പോൾ എനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്. ഇവരെല്ലാം ‘പി.വി. അൻവർ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്ന ഒരവസ്ഥ ഇവിടെ വരും. നിങ്ങൾ ബേജാറാകണ്ട -അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ വെട്ടിയരിഞ്ഞ് പുഴയിൽ തള്ളും’, ‘മര്യാദക്ക് നടന്നില്ലെങ്കിൽ കൈയും കാലും വെട്ടി അരിയും’... ‘കൈയ്യും കാലും വെട്ടി ചാലിയാറിൽ എറിയും’ തുടങ്ങിയ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പി.വി. അൻവർ എം.എൽ.എക്കെതിരെ അദ്ദേഹത്തിന്റെ തട്ടകമായ നിലമ്പൂരിൽ സി.പി.എം പ്രതിഷേധ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും അൻവർ പരസ്യമായി രംഗത്തുവന്നതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്.
സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിലമ്പൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നത്. ചെങ്കൊടി തൊട്ടു കളിക്കണ്ട എന്ന ബാനറും അന്‍വറിന്‍റെ കോലവുമായാണ് പ്രകടനം നഗരത്തിലൂടെ നീങ്ങിയത്. എടക്കരയിലും അൻവറിനെതിരെ പ്രതിഷേധം പ്രകടനം നടക്കും. അൻവറിനെതിരെ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആഹ്വാനം ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പ്രതിഷേധം.
സാധാരണക്കാർക്ക് ഒപ്പം നിൽക്കുമെന്നും ജനം പിന്തുണച്ചാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കർഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അൻവർ പറഞ്ഞിരുന്നു.
സാധാരണക്കാർക്ക് പൊലീസ് സ്റ്റേഷനിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടി ഓഫിസുകളിൽ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ട് ഇവിടുത്തെ സാധാരണക്കാരാണ്. കർഷക തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും പോലുള്ള സാധാരണക്കാരാണ്. ഈ പാർട്ടിക്ക് വേണ്ടി അവർ ജീവൻ കൊടുക്കും. സാധാരണക്കാർക്കൊപ്പമാണെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.