അജിത് കുമാറിനെതിരെ റിപ്പോർട്ട് തയാറാക്കിയതിന് ഡി.ജി.പിക്കെതിരെ കേസ് എടുത്തേക്കും, അതാണ് കേരളത്തിലെ സാഹചര്യം -പി.വി. അൻവർ

അജിത് കുമാറിനെതിരെ റിപ്പോർട്ട് തയാറാക്കിയതിന് ഡി.ജി.പിക്കെതിരെ കേസ് എടുത്തേക്കും, അതാണ് കേരളത്തിലെ സാഹചര്യം -പി.വി. അൻവർ

മലപ്പുറം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന ശിപാർശ ചെയ്തതിന് ഡി.ജി.പിക്കെതിരെ കേസ് എടുക്കുന്ന സാഹചര്യമാണ് അവസാനം ഉണ്ടാവുകയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. കേരളത്തിലെ നിലവിലെ സാഹചര്യം പരിഗണിച്ചാൽ ഇത്തരമൊരു തീരുമാനമാണ് ​മുഖ്യമന്ത്രി എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

‘ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി. വിജയൻ വിശ്വസ്തനായ പൊലീസ് ഓഫിസറാണ്. ഇക്കാര്യം കേരളത്തിലെ എല്ലാവർക്കും അറിയാം. അദ്ദേഹത്തെ പൊതുസമൂഹത്തിന് മുന്നിൽ എം.ആർ. അജിത്കുമാറാണ് കള്ളക്കടത്തുകാരനാക്കി ചിത്രീകരിച്ചത്. ഇക്കാര്യത്തിൽ അജിത് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ പിണറായി വിജയൻ തയാറാകില്ല. അജിത് പക്കാ ക്രിമിനൽ ആണെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞതാണ്. മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട എല്ലാ കള്ളത്തരങ്ങളുടെയും പ്രധാന കണ്ണി അയാളാണ്. അതിനാൽ പിണറായി മുഖ്യമ​ന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം ഒരിക്കലും അയാൾക്കെതിരെ ഒരു നടപടിയും എടുക്കില്ല. ഇപ്പോഴും അജിത് കുമാറാണ് പൊലീസിനെ ഭരിക്കുന്നത്’ -അൻവർ പറഞ്ഞു.

‘നേരത്തെ തൃശൂർ പൂരം കലക്കിയ സംഭവത്തിൽ എം.ആർ. അജിത്കുമാറിനെതിരെ ഡി.ജി.പി റിപ്പോർട്ട് കൊടുത്തിരുന്നു. അതിന്റെ മേൽ എന്ത് നടപടിയാണ് എടുത്തത്? റിപ്പോർട്ടിനെക്കുറിച്ച് പരിശോധിക്കാൻ മറ്റ് മൂന്നുപേരെ നിയമിച്ചു. അവർ ഇനി​യും റിപ്പോർട്ട് നൽകിയിട്ടില്ല’ -അൻവർ ചൂണ്ടിക്കാട്ടി.

ഇന്റലിജൻസ് മേധാവിയായ എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ ​മൊഴി നൽകിയ സംഭവത്തിൽ എം.ആർ അജിത് കുമാറിനെതിരെ സിവിൽ, ക്രിമിനൽ കേസെടുക്കാമെന്നാണ് ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയത്.

കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കള്ളക്കടത്തിൽ എ.ഡി.ജി.പി പി. വിജയന് പങ്കുണ്ടെന്ന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് തന്നോട് പറഞ്ഞതായി അജിത് കുമാർ മൊഴി നൽകിയിരുന്നു. എന്നാൽ, താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇത് പൂർണമായും വ്യാജമാണെന്നും വ്യക്തമാക്കി സുജിത് ദാസ് രംഗത്തുവന്നു. തുടർന്ന് തനിക്കെതി​​രെ അപകീർത്തികരമായ വ്യാജമൊഴി നൽകിയതിന് അജിത് കുമാറി​നെതിരെ കേസെടുക്കണമെന്ന് പി. വിജയൻ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ് അന്വേഷണം നടത്തി അജിത് കുമാറിനെതി​രെ കേസെടുക്കാൻ ശുപാർശ നൽകിയത്. 

Tags:    
News Summary - pv anvar against MR Ajith kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.