ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

മലപ്പുറം: നിർത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ടേയിരിക്കുമെന്നുമുള്ള മുന്നറിയിപ്പുമായി പി.വി. അൻവർ എം.എൽ.എ. താനായിട്ട് ഒരു പാർട്ടിയുണ്ടാക്കില്ലെന്നും എന്നാൽ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ഒരു പാർട്ടിയായി മാറിയാൽ അതിനു പിന്നിൽ ഉണ്ടാകുമെന്നും അൻവർ വ്യക്തമാക്കി. മലപ്പുറത്ത് വിളിച്ചു കൂട്ടിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും അൻവർ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് പൊലീസ് അഴിഞ്ഞാടുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുന്നു. പിണറായിയെ വിശ്വസിച്ചു. അദ്ദേഹത്തെ പിതൃസ്ഥാനത്താണ് കണ്ടത്. എന്നാൽ പൊലീസിനും സ്വർണക്കടത്തിനും എതിരെ പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കള്ളനായി ചിത്രീകരിച്ചെന്നും അൻവർ തുറന്നടിച്ചു.

സ്വർണക്കടത്തുകാർക്കും പൊലീസിലെ സ്വർണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ടുനിൽക്കുകയാണ്. പരാതി നൽകിയിട്ടും ഭരണകക്ഷിയും പൊലീസും അനങ്ങിയില്ല. മുഖ്യമന്ത്രി കള്ളനാക്കിയപ്പോൾ രണ്ടുംകൽപിച്ച് ഇറങ്ങുകയായിരുന്നുവെന്നും അൻവർ പറഞ്ഞു. അജിത് കുമാറിന്റെ സ്വത്ത് വിവരങ്ങളുടെ കൃത്യമായ രേഖകൾ നൽകി. എന്നിട്ടും നടപടിയുണ്ടായില്ല. എ.ഡി.ജി.പിയെ വെച്ച് വേണ്ടാത്ത പല കാര്യങ്ങളും ചെയ്യിപ്പിച്ചിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

വളരെ വിശദമായാണ് മുഖ്യമന്ത്രി എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് അദ്ദേഹത്തിന്റെ അടുത്തിരുന്നത്. ഒമ്പത് പേജുള്ള പരാതി വായിച്ചു തീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും വിശദമായി ചോദിച്ചു. അതെന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. 2021ൽ സി.പി.എം കാരണമാണ് എം.എൽ.എയായി മത്സരിച്ചപ്പോൾ ജയിച്ചത്. കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന് മുഖ്യമന്ത്രി. എന്നാൽ ഇന്നത് കെട്ടുപോയി. സി.പി.എമ്മിന്റെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യം ആയി. ജനം വെറുത്തെന്ന് പറഞ്ഞു. എല്ലാറ്റിനും കാരണക്കാരൻ പൊളിറ്റിക്കൽ സെക്രട്ടറിയാണെന്ന് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി വായിക്കുന്നത് എ.ഡി.ജി.പിയുടെ വാറോലയാണ്. അൻവറിനെ വർഗീയവാദിയായി ചാപ്പ കുത്താൻ നടന്നാൽ നടക്കൂല.കാല് വെട്ടി നിങ്ങൾ കൊണ്ടു പോയാൽ വീൽ ചെയറിൽ ഞാൻ വരും. വെടിവച്ച് കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. ചിലപ്പോൾ ജയിലിലടയ്ക്കും. ഞാൻ ഒരുങ്ങി നിൽക്കുകയാണ്. ഓരോ മണിക്കൂറും ഞാൻ തയാറെടുക്കുകയാണ് -അൻവർ പറഞ്ഞു.

വൻജനാവലിയാണ് അൻവറിന്റെ പൊതുയോഗത്തിനെത്തിയത്. യോഗത്തിന് 40 പേർ പോലും എത്തി​ല്ലെന്നായിരുന്നു സി.പി.എമ്മിന്റെ പരിഹാസം. യോഗം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പ് തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞു. പല ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ നാലു കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലായിരുന്നു.

Tags:    
News Summary - PV Anvar turns against Pinarayi Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.