തിരുവനന്തപുരം: പി.വി അൻവർ എം.എൽ.എയുടെ ആരോപണം പ്രതിസന്ധിയിലാഴ്ത്തിയത് മുഖ്യമന്ത്രിയെയും സർക്കാറിനെയും. സർക്കാർ അകപ്പെട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന നടപടിയാണ് തുടർന്ന് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. അജിത്കുമാറിനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചതെന്നും ശ്രദ്ധേയം. ഇതുപോലൊന്ന് പൊലീസ് സേനയുടെ ചരിത്രത്തിലില്ല. മുഖ്യമന്ത്രിക്ക് അങ്ങനെ ചെയ്യാതിരിക്കാൻ കഴിയുമായിരുന്നില്ല. സംസ്ഥാന പൊലീസിലെ അതിശക്തമായ കസേരയിലിരിക്കുന്ന അജിത്കുമാറിനെതിരെ അത്രയും ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്.
അതു പറഞ്ഞ ഭരണപക്ഷ എം.എൽ.എ പി.വി. അൻവറാകട്ടെ, അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അപ്പോൾ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ മുഖ്യമന്ത്രിക്ക് മുഖം നഷ്ടപ്പെടുന്ന നിലയാകും ഉരുത്തിരിയുക. ഉയർന്നുവന്ന പ്രശ്നങ്ങളിൽ എല്ലാ ഗൗരവവും നിലനിർത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത് സർക്കാറിന് തൽക്കാലം ആശ്വാസം പകരുന്നുണ്ട്.
എന്നാൽ, ഇതിനകം പിണറായി വിജയനുണ്ടായ പരിക്ക് ചെറുതല്ല. ‘ഇരട്ടച്ചങ്കൻ, ക്യാപ്റ്റൻ’ എന്നൊക്കെ പാർട്ടിക്കാർ വിശേഷിപ്പിക്കുന്ന പിണറായി വിജയൻ സൃഷ്ടിക്കുന്ന പ്രതിഛായ ശക്തനായ ഭരണാധികാരി എന്നതാണ്. എന്നാൽ, സ്വന്തം ഓഫിസിൽ സുപ്രധാന ചുമതലയിലിരുന്നവരുടെ മാഫിയ ബന്ധങ്ങൾ സ്വന്തം പാർട്ടി എം.എൽ.എ വിളിച്ചുപറയുന്നതുവരെ അറിഞ്ഞില്ലെന്നത് ശക്തനായ ഭരണാധികാരിക്ക് സംഭവിക്കാൻ പാടുള്ളതല്ല.
സ്വർണക്കടത്ത് കേസിൽ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചെയ്തതൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞതിന് ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് പിണറായി വിജയന്. പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്ത് നിയമിച്ചതാണ്. കണ്ണൂർ ജില്ല സെക്രട്ടറിയായിരിക്കെ, പെരുമാറ്റദൂഷ്യത്തിന് പുറത്തായ ശശിയെ കഴിഞ്ഞ സമ്മേളനത്തിൽ സംസ്ഥാന സമിതിയിലേക്ക് കൊണ്ടുവന്നത് തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിലെ നിയമനത്തിനുവേണ്ടിയായിരുന്നു. ആളെ കൊല്ലിച്ചു, മന്ത്രിമാരുടെയടക്കം ഫോണുകൾ ചോർത്തി, സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം എന്നിങ്ങളെ എ.ഡി.ജി.പി അജിത്കുമാറിനെതിരെ എണ്ണിപ്പറഞ്ഞ ആരോപണങ്ങളിലെല്ലാം പി.വി. അൻവർ, പി. ശശിയെയും ചേർത്തുകെട്ടുന്നുണ്ട്. പി.വി. അൻവർ - പി. ശശി എന്നിവർക്കിടയിൽ മുഖ്യമന്ത്രി ആരെ കൈവിടും ആരെ കൂടെ നിർത്തുമെന്നുള്ളതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഇരുവരെയും ചേർത്തുനിർത്തുക ഇനി സാധ്യമല്ല. ഇത്രവലിയ കുരുക്കിലേക്ക് തള്ളിയിട്ടതിന് ശേഷവും ‘വെളിപ്പെടുത്തൽ’ തുടരുന്ന അൻവറിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. അൻവർ ഉയർത്തുന്ന വിഷയങ്ങളുടെ കടുപ്പംതന്നെ കാരണം. അജിത് കുമാറിനെ മാറ്റുകയും അതേ ആരോപണം നേരിടുന്ന പി. ശശിയെ നിലനിർത്തുകയും ചെയ്യുന്നതിലെ ധാർമികതയും ചോദ്യചിഹ്നമാണ്. അത്തരം ചിന്തകൾ സി.പി.എമ്മിൽതന്നെ ഉയർന്നതായാണ് സൂചന. ശശിയെ മാറ്റുന്നത് സംബന്ധിച്ച ആവശ്യം പാർട്ടി സെക്രട്ടറിക്ക് മുന്നിലെത്തിയിട്ടുണ്ട്. ശശിയെ നിലനിർത്താനാണ് തീരുമാനമെങ്കിൽ അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രതിപക്ഷ നീക്കങ്ങൾക്ക് അതു ശക്തിപകരുമെന്നും ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.