കോഴിക്കോട്: നിപ സംശയിക്കുന്നവരുടെ ശരീര സ്രവ സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിനെ ചൊല്ലി രാഷ്ട്രീയപ്പോര്. അസ്വാഭാവിക പനിമരണവും പിന്നാലെ ബന്ധുക്കളിൽ നാലുപേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുമായതോടെയാണ് സ്രവം പുെണയിലേക്ക് അയച്ചത്. എന്നാൽ, കേരളത്തിൽ വൈറോളജി ലാബുകളിൽ പരിശോധന നടത്താതെ പുണെയിലേക്ക് അയച്ചതെന്തിന് എന്ന ചോദ്യമാണ് സൈബറിടത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമർശനമായി ഉന്നയിച്ചത്.
പനി മരണങ്ങളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനുതാഴെ കേരളത്തിലെ വൈറോളജി ലാബുകൾ പൂട്ടിയോ എന്ന തരത്തിലുള്ള വിമർശനങ്ങളും വന്നു. ഇതിനിടെ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ വാർത്തസമ്മേളനം വിളിച്ചും ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു. മൂന്നു ജില്ലകളില്‍ വൈറോളജി ലാബുകള്‍ നല്കാന് കേന്ദ്രംതയാറായിട്ടും അടിസ്ഥാന സൗകര്യം സംസ്ഥാനം ഒരുക്കിയില്ലെന്നും അവര്‍ ആരോപിച്ചു.
ആരോഗ്യമന്ത്രി തന്നെ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്തുവന്നു. കോഴിക്കോട് റീജനല്‍ ഐ.ഡി.വി.ആർ.എല്‍ ലാബിലും ആലപ്പുഴ എൻ.ഐ.വി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപുരം തോന്നക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാം. അപകടകരമായ വൈറസായതിനാല്‍ ഔട്ട്ബ്രേക്ക് വരുകയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എൻ.ഐ.വി പുണെയില്‍ നിന്നുള്ള സ്ഥിരീകരണ ശേഷമേ പുറത്തുവിടാവൂ എന്ന് ഐ.സി.എം.ആര് എൻ.ഐ.വി മാര്‍ഗനിര്‍ദേശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.