കൊച്ചി: പ്രദേശവാസികളുടെ സാധാരണ ജീവിതത്തിന് തടസ്സമുണ്ടാക്കാത്ത വിധം വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ട കരിങ്കല്ല് ഖനനം ചെയ്ത് നിർമാണ സ്ഥലത്ത് എത്തിക്കാമെന്ന് ഹൈകോടതി. ക്വാറി പ്രവർത്തനത്തിനോ കരിങ്കൽ നീക്കത്തിനോ തടസ്സമുണ്ടായാൽ പരാതിപ്പെടാമെന്നും പരാതി ലഭിച്ചാൽ മതിയായ പൊലീസ് സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് അനു ശിവരാമൻ ഉത്തരവിട്ടു. പദ്ധതിക്ക് ആവശ്യമായ കരിങ്കൽ ഖനനവും ചരക്കുനീക്കവും തടയുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ചൂണ്ടിക്കാട്ടി ജില്ല കലക്ടർ, തിരുവനന്തപുരം ജില്ല പൊലീസ് മേധാവി, ആറ്റിങ്ങൽ ഡിവൈ.എസ്.പി, വെഞ്ഞാറമൂട് സി.ഐ എന്നിവരെയും 10 വ്യക്തികളെയും എതിർകക്ഷികളാക്കി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
പദ്ധതിക്ക് ആവശ്യമായ കരിങ്കൽ ഖനനത്തിനും നിർമാണ സ്ഥലത്ത് അവ എത്തിക്കാനും മതിയായ അനുമതികൾ ലഭിച്ചതാണെങ്കിലും ചില പ്രദേശവാസികൾ തടയുന്നുവെന്നായിരുന്നു ഹരജിയിലെ ആരോപണം. കരാറുകാരുടെയും ജീവനക്കാരുടെയും ജീവനും യന്ത്രസാമഗ്രികൾക്കും ഉപകരണങ്ങൾക്കും വാഹനങ്ങൾക്കും ഗതാഗതത്തിനും ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം. അതേസമയം, ഖനനം നടത്തുന്നതിലും അവ പദ്ധതി പ്രദേശത്തേക്ക് നീക്കുന്നതിലും തങ്ങൾക്ക് എതിർപ്പില്ലെന്നും ലോഡുമായി ലോറികൾ പഞ്ചായത്ത് റോഡിലൂടെ രാപ്പകൽ തലങ്ങും വിലങ്ങും പായുന്നത് കുട്ടികളടക്കം നാട്ടുകാരുടെ ജീവന് ഭീഷണിയാണെന്നും ഇത് നിർത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നതെന്നും എതിർകക്ഷികളായ പ്രദേശവാസികൾ അറിയിച്ചു. രാത്രി വാഹനമോടിക്കാൻ കരാറുകാർക്ക് അനുമതി ലഭിച്ചിട്ടില്ലെങ്കിലും റോഡ് അവർ കുത്തകയാക്കിയിരിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, അത്തരം പരാതികളില്ലെന്നും ഉണ്ടായാൽ ഉചിത നടപടി സ്വീകരിക്കാൻ തയാറാണെന്നും ഹരജിക്കാർ വ്യക്തമാക്കി.
എല്ലാ അനുമതികളോടെയും നടത്തുന്നതായതിനാൽ ക്വാറി പ്രവർത്തനമോ ലോഡുമായി പോകുന്ന ലോറികൾ തടയുന്നതോ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, റോഡിലെ സുരക്ഷ സംബന്ധിച്ച് പ്രദേശവാസികൾ ഉയർത്തുന്ന ആശങ്കയും പരിഗണിക്കേണ്ടതുണ്ട്. തങ്ങളുടെ വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡുകളിൽ പ്രദേശവാസികളുടെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സാധാരണ ജീവിതത്തിന് ഒരു തരത്തിലുള്ള ഭീഷണിയോ തടസ്സമോ ഉണ്ടാക്കില്ലെന്നും ഹരജിക്കാർ ഉറപ്പുനൽകി. തുടർന്ന് ഹരജിക്കാരുടെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി, ക്വാറി പ്രവർത്തനത്തിന് തടസ്സമുണ്ടായാൽ മതിയായ പൊലീസ് സംരക്ഷണം നൽകണമെന്ന് വ്യക്തമാക്കി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.