തിരുവനന്തപുരം: പി. ജയരാജനുമായി ബന്ധപ്പെട്ട ക്വട്ടേഷൻ വിവാദം ഒതുക്കാൻ സി.പി.എം ശ്രമിക്കുമ്പോൾ വിഷയത്തിൽ രൂക്ഷപ്രതികരണവുമായി സി.പി.ഐ. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ വേദനിപ്പിക്കുന്നതാണെന്നും ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനും മകനും കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സി.പി.എമ്മിൽനിന്ന് പുറത്തുപോയ മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസിന്റെ ആരോപണത്തോട് പാർട്ടി നേതൃത്വം കാര്യമായി പ്രതികരിച്ചിട്ടില്ല. ഡൽഹിയിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് ജില്ല നേതൃത്വം പ്രതികരിക്കുമെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിഞ്ഞുമാറി.
കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനെയും പി. ജയരാജനെയും സമീപിച്ച മാധ്യമപ്രവർത്തകരോട് ഇരുവരും പ്രതികരിച്ചില്ല. ജില്ല സെക്രട്ടേറിയറ്റ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വിഷയത്തിൽ മൃദുവായ പ്രതികരണം മാത്രമാണുള്ളത്. പാർട്ടിയിലെ ശക്തികേന്ദ്രമായ കണ്ണൂർ ലോബിയിലെ പൊട്ടിത്തെറിയിൽ പ്രതികരണം ഒഴിവാക്കി വിഷയം തണുപ്പിച്ച് പരിക്ക് കുറയ്ക്കാനാണ് സി.പി.എം നീക്കം.
ഇടുക്കിയിൽ നടക്കുന്ന എ.ഐ.വൈ.എഫ് സംസ്ഥാന ക്യാമ്പിൽ, തെരഞ്ഞെടുപ്പ് പരാജയത്തിൽ മുഖ്യമന്ത്രിയുടെ ഏകാധിപത്യ, കമ്യൂണിസ്റ്റ് വിരുദ്ധ ശൈലി കാരണമായെന്ന് കുറ്റപ്പെടുത്തലുണ്ടായി. അതിന് പിന്നാലെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി തന്നെ കടുത്തവാക്കുകളുമായി രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.