തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം പോയതിലുള്ള ഇച്ഛാഭംഗമാണ് ചെന്നിത്തലക്കെന്നാണ് കരുതുന്നതെന്ന് മന്ത്രി ആർ. ബിന്ദു. പ്രതിപക്ഷവും മാധ്യമങ്ങളും തനിക്കെതിരെ ആരോപണ പരമ്പരകൾ തന്നെ തീർത്തു. ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കൃത്യത വന്നു എന്ന് കരുതുന്നുവെന്നും ബിന്ദു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതിപക്ഷത്തിന് കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന രീതിയായിരുന്നു. ജോലി നിർവഹിക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും അനുവദിക്കണം. വി.ഡി സതീശന്‍റെ ഭാഗത്ത് നിന്നുണ്ടായത് സഹകരണ മനോഭാവമാണ്. ചെന്നിത്തലക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അസഹിഷ്ണുതയാണെന്നും ബിന്ദു ആരോപിച്ചു.
വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള രമേശ് ചെന്നിത്തല അസഹിഷ്ണുത കാണിക്കുന്നത് എന്തിനെന്നറിയില്ല. ഗവർണറെ കുറിച്ച് പറഞ്ഞ് വിവാദത്തിലാകാനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവാദമായ കണ്ണൂർ സർലകലാശാല വൈസ് ചാൻസലർ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന് അനുകൂലമായാണ് ലോകായുക്ത വിധിച്ചത്. വി.സിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തെഴുതിയ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത വിധിച്ചു. കണ്ണൂർ വി.സിയുടെ പുനർനിയമനത്തിൽ എ.ജിയുടെ നിയമോപദേശം ലഭിച്ചിരുന്നതായി ലോകായുക്ത ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.