തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ രണ്ടുപ്രതികള്‍ കുറ്റക്കാര്‍. രണ്ടാംപ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാംപ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാംക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഒമ്പതുപേരെ കോടതി വെറുതെ വിട്ടു. നാല് മുതല്‍ 12 വരെയുള്ള പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത്. ശിക്ഷ 16ന് വിധിക്കും.
മുന്‍ റേഡിയോ ജോക്കി(ആര്‍.ജെ)യായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല്‍ ആശാഭവനില്‍ രാജേഷിനെ 2018 മാര്‍ച്ച് 27നാണ് ക്വട്ടേഷന്‍ സംഘം കിളിമാനൂർ മടവൂരിലെ സ്വന്തം റെക്കോഡിങ് സ്റ്റുഡിയോയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ രാജേഷിന്റെ സുഹൃത്തായ കുട്ടനും വെട്ടേറ്റിരുന്നു. കേസിലെ ഏകദൃക്‌സാക്ഷിയും ഇദ്ദേഹമായിരുന്നു.
ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്ദുൽ സത്താറാണ് രാജേഷിനെതിരെ ക്വട്ടേഷൻ കൊടുക്കുന്നത്. കൊലക്കേസിലെ ഒന്നാം പ്രതിയായ ഇയാൾ ഇപ്പോഴും ഒളിവിലാണ്. സത്താറിന്റെ ഭാര്യയും നൃത്ത അധ്യാപികയുമായ യുവതിയുമായി ഖത്തറിൽ ജോലിചെയ്യുമ്പോൾ ഉള്ള രാജേഷിന്റെ അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാജേഷുമായുള്ള ഭാര്യയുടെ വഴിവിട്ട സൗഹൃദം കാരണം സത്താറിന്റെ കുടുംബം തകര്‍ന്നിരുന്നു. ഇതിന് പ്രതികാരമായി സത്താര്‍ നല്‍കിയ ക്വട്ടേഷനായിരുന്നു രാജേഷിന്റെ കൊലപാതകം.
കേസിലെ രണ്ടാം പ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടിൽ മുഹമ്മദ് സ്വാലിഹ് എന്ന സാലി നേരിട്ട് ഖത്തറിൽ എത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടത്തി വിദേശത്തേക്ക് കടന്നു കളഞ്ഞ സ്വാലിഹിനെ നാട്ടിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.