കൊച്ചി: റാഗിങ് കേസ് പ്രതികളായ വിദ്യാർഥികളോട് റാഗിങ്വിരുദ്ധ കാമ്പയിൻ നടത്താൻ നിർദേശിച്ചും ഉപദേശിച്ച ും ഹൈകോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ പത്ത് വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിെൻറ നടപടി. മാതാപിതാക്കളെയടക്കം നേരിട്ട് വിളിച്ചുവരുത്തിയാണ് കോടതി ഉപദേശം നൽകിയത്. p>
ഒത്തുതീർപ്പായ സാഹചര്യത്തിൽ കേസ് റദ്ദാക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. എന്നാൽ, കേസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കണമെങ്കില്‍ ഉപാധികൾ പാലിക്കണമെന്ന് കോടതി നിഷ്കർഷിച്ചു. വിദ്യാർഥികൾ ഇത് അംഗീകരിച്ചു. കണ്ണൂര്‍ മമ്പറം ഇന്ദിര ഗാന്ധി കോളജ് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്ത കേസിൽ ആരോപണവിധേയരായ വിദ്യാർഥികളാണ് നേരിട്ട് കോടതിയിലെത്തിയത്.
കുറ്റകൃത്യത്തിൽ പശ്ചാത്താപം തോന്നുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഉണ്ടെന്നായിരുന്നു മറുപടി. തുടർന്നാണ് പരീക്ഷക്കുശേഷം കണ്ണൂര്‍ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയുമായി ചേര്‍ന്ന് േകാളജിൽ റാഗിങ്വിരുദ്ധ കാമ്പയിന്‍ നടത്താൻ നിർദേശിച്ചത്. കാമ്പയിനില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് അതോറിറ്റി ചെയര്‍മാന്‍ ഉറപ്പുവരുത്തണം. ചെയര്‍മാെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും കേസ് റദ്ദാക്കണമോയെന്ന് തീരുമാനിക്കുക. അതുവരെ മറ്റുനടപടികള്‍ സ്റ്റേ ചെയ്തു.
കോളജില്‍ ഷൂസ് ധരിച്ചുവന്നതിെൻറ പേരിൽ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തെന്ന കേസ് പിന്നീട് ഒത്തുതീർന്നിരുന്നു. റാഗിങ് നിരോധിക്കപ്പെട്ട കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു. റാഗിങ്ങിനെതിരെ വിദ്യാര്‍ഥികള്‍ തന്നെ കാമ്പയിന്‍ നടത്തിയാല്‍ അത് സമൂഹം കൂടുതലായി ശ്രദ്ധിക്കും. കോളജിലെ റാഗിങ്ങും ഇല്ലാതാവും. റാഗിങ്മൂലം മുന്‍കാലങ്ങളില്‍ നിരവധിപേര്‍ മരിച്ചിട്ടുണ്ട്. നിരവധിപേര്‍ മാനസികനില തെറ്റി ജീവിക്കുന്നു. വലിയനിലകളില്‍ എത്തേണ്ട പലരും എവിടെയുമെത്തിയില്ല. ഒത്തുതീര്‍പ്പുണ്ടാക്കിയാലും വെറുതെ ഒഴിവാക്കാനാവാത്ത കേസാണിത്.
കുട്ടികളെ നല്ലരീതിയില്‍ ശ്രദ്ധിക്കണമെന്നും ഇത്തരം പ്രശ്‌നങ്ങളില്‍പെടാതിരിക്കാന്‍ സൂക്ഷ്മത പൂലര്‍ത്തണമെന്നുമുള്ള ഉപദേശം രക്ഷിതാക്കൾക്കും നൽകി. എൻജിനീയറോ ഭരണകര്‍ത്താക്കളോ ആക്കുന്നതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.