1. മരിച്ച സിദ്ധാർഥ് 2. സിദ്ധാർഥിന്റെ മാതാപിതാക്കൾ
കൽപറ്റ: ജീവിതവഴിയിൽ നിറമുള്ള കിനാക്കളേറെ കണ്ടാണ് ആ 20 വയസ്സുകാരൻ വയനാടൻ ചുരം കയറിയത്. പക്ഷേ, പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ മനുഷ്യരൂപമുള്ള പിശാചുക്കൾ അവനൊപ്പം ഒരു കുടുംബത്തിന്റെ സന്തോഷമെല്ലാം കെടുത്തിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്. കഴിഞ്ഞവർഷം ഇതേ ദിവസമാണ് ബി.വി.എസ്സി രണ്ടാം വർഷ വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ ക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ടവിചാരണക്കുമൊടുവിൽ കാമ്പസിലെ ഹോസ്റ്റൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്.
മകൻ മരിച്ചിട്ട് ഒരു വർഷമായിട്ടും നീതിതേടി കോടതികൾ കയറിയിറങ്ങുകയാണ് മാതാപിതാക്കളായ തിരുവനന്തപുരം നെടുമങ്ങാട് ടി. ജയപ്രകാശും ഷീബയും. പ്രതികൾക്കായി അധികൃതർ വഴിവിട്ട സഹായങ്ങൾ ചെയ്യുമ്പോഴെല്ലാം അവർ നിയമവഴിയിലൂടെ അതിനെ നേരിടുകയാണ്. എന്ത് തെറ്റുചെയ്താലും ഭരണസ്വാധീനത്താൽ രക്ഷപ്പെടാനാകുമെന്ന ആത്മവിശ്വാസമാണ് കേരളത്തിലെ കാമ്പസുകളിൽ റാഗിങ് സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ കാരണമെന്ന് അവർ പറയുന്നു.
എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് മകനെ മർദിച്ചതെന്നും പ്രതികളെ രക്ഷിക്കാൻ തുടക്കംമുതലേ ശ്രമങ്ങളുണ്ടായെന്നും മാതാപിതാക്കൾ ആവർത്തിക്കുന്നു. കോളജിലെ ഇതരസംസ്ഥാനക്കാരായ പി.ജി വിദ്യാർഥികളിൽനിന്നാണ് സിദ്ധാർഥൻ ക്രൂരമായ റാഗിങ്ങിന് ഇരയായ കാര്യം ആദ്യം അറിയുന്നത്. പിറ്റേദിവസം പോസ്റ്റ്മോർട്ടം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് വൈത്തിരി പൊലീസിലാണ് ജയപ്രകാശ് ആദ്യം പരാതി നൽകിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരനക്കവുമില്ലാതായതോടെ എ.ഡി.ജി.പിയെ സമീപിച്ചപ്പോഴാണ് കൽപറ്റ ഡിവൈ.എസ്.പിയെ അന്വേഷണച്ചുമതല ഏൽപിക്കുന്നത്.
എസ്.എഫ്.ഐ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 19 പ്രതികളാണുള്ളത്. രണ്ടാഴ്ചക്കുശേഷം എല്ലാവരും അറസ്റ്റിലായി. യൂനിയന്‍ പ്രസിഡന്റ് കെ. അരുണ്‍, സെക്രട്ടറി അമല്‍ ഇഹ്സാന്‍, എന്‍. ആസിഫ് ഖാന്, കെ. അഖില്‍, സിന്‍ജോ ജോണ്സണ്, ആര്.എസ്. കാശിനാഥന് തുടങ്ങിയവരാണ് പ്രതികൾ. സകല വിവരങ്ങളും പൊലീസിനെ കൃത്യമായി അറിയിച്ചിട്ടും തെളിവുകൾ നശിപ്പിക്കപ്പെട്ടു. എസ്.എഫ്.ഐ നേതാവായ പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ ഒപ്പം പോയത് മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.കെ. ശശീന്ദ്രനായിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. ലെതര്‍ ബെല്‍റ്റ്, കേബിള്‍ വയര്‍ തുടങ്ങിയവ ഉപയോഗിച്ച് സിദ്ധാര്‍ഥനെ ഭീകരമായി മര്‍ദിച്ചെന്നും വൈദ്യസഹായം നൽകിയില്ലെന്നും സി.ബി.ഐ ഹൈകോടതിയില്‍ നൽകിയ പ്രാഥമിക കുറ്റപത്രത്തിലുണ്ട്.പ്രതികളായ വിദ്യാർഥികൾക്കും കുറ്റാരോപിതരായ കോളജ് അധികൃതർക്കും വഴിവിട്ട സഹായങ്ങളാണ് കിട്ടിയത്.
യൂനിവേഴ്സിറ്റി ഡീൻ ഡോ. എം.കെ. നാരായണൻ, അസി. വാർഡൻ ഡോ. കാന്തനാഥൻ എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുക്കാൻ മാനേജ്മെന്റ് കൗൺസിൽ തീരുമാനിച്ചു. അന്വേഷണം കഴിയുന്നതുവരെ തിരിച്ചെടുക്കരുതെന്ന ടി. സിദ്ദീഖ് എം.എൽ.എയടക്കമുള്ളവരുടെ എതിർപ്പിനിടയിൽ ഭരണാനുകൂല എം.എൽ.എയടക്കം 12 പേരുടെ പിന്തുണയോടെയായിരുന്നു സസ്പെൻഷൻ റദ്ദാക്കാൻ തീരുമാനമെടുത്തത്.
ആൻറി റാഗിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മൂന്ന് വർഷത്തേക്ക് കോളജിൽനിന്ന് പുറത്താക്കപ്പെട്ട പ്രതികളായ വിദ്യാർഥികൾക്ക് ഇതിനിടയിൽ പരീക്ഷയെഴുതാൻ വെറ്ററിനറി സർവകലാശാല അവസരമൊരുക്കി. ഹൈകോടതി സിംഗിൾ ബെഞ്ച് വിധിയെതുടർന്നായിരുന്നു 75 ശതമാനം ഹാജരില്ലാതിരുന്നിട്ടും പ്രതികൾ മണ്ണുത്തി സർവകലാശാല കാമ്പസിൽ രണ്ടാം വർഷ പരീക്ഷയെഴുതിയത്.
പൂക്കോട് സർവകലാശാലയിൽ സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു. കുറ്റക്കാർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം. സംഭവവുമായി ബന്ധമുള്ള നാല് പ്രവർത്തകരെ എസ്.എഫ്.ഐ പുറത്താക്കിയിട്ടുണ്ട്. സിദ്ധാർഥൻ മരിക്കുന്നതിന് മുമ്പ് കാമ്പസിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
അക്കാര്യം മാത്രം സജീവ ചർച്ചകളിൽ വരുന്നില്ല. ഇത് ബോധപൂർവമാണ്. സി.ബി.ഐ കുറ്റപത്രത്തിൽ ഒരിടത്തുപോലും എസ്.എഫ്.ഐ എന്ന് പറയുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.