നെയ്യാറ്റിൻകര: ജീവിതം പലപ്പോഴും തിരിച്ചടികൾ നൽകുമ്പോഴും രാജൻ മക്കളെ ചേർത്തുനിർത്തി പറയാറുണ്ടായിരുന്നത് ഒറ്റക്കാര്യമായിരുന്നു, 'ജീവിതത്തില്‍ വിജയിച്ച് കാണിക്കണം'. ആശുപത്രി കിടക്കയിൽ മരണാസന്നനായി കഴിയുമ്പോഴും മക്കളോട് രാജൻ പറഞ്ഞതും ഇതുതന്നെ, 'എന്‍റെ മക്കള്‍ ജീവിച്ച് കാണിക്കണം, പപ്പ മരിക്കാൻ വേണ്ടി ചെയ്തതല്ല'.
ആത്മഹത്യ ജീവിതത്തില്‍ ഒന്നിനും പരിഹാരമല്ലെന്നും രാജൻ മക്കളായ രാഹുലിനെയും രഞ്ജിത്തിനെയും ഉപദേശിക്കാറുണ്ടായിരുന്നു. വിജയത്തിന് ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. അത്തരം സാഹചര്യങ്ങളില്‍ അതിനെ തരണം ചെയ്ത് ജീവിച്ച് കാണിക്കണം. ആത്മഹത്യ ചെയ്യണമെന്ന് കരുതി പപ്പ ചെയ്തതല്ല ഇതെന്നും രാജൻ മക്കളോട് ആശുപത്രിയിൽ വെച്ച് പറഞ്ഞിരുന്നു.
'കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ അരമണിക്കൂര്‍ സമയം കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ വിധി അനുകൂലമാകുമെന്ന ഉറച്ച വിശ്വാസമാണ് ഈ ഗതിക്കിടയാക്കിയത്. എന്‍റെ പൊന്നുമക്കള്‍ ഒരിക്കലും ഇത്തരം കടുംകൈ ചെയ്യരുത്. നിങ്ങള്‍ സഹോദരങ്ങള്‍ ഒരിക്കലും പിണങ്ങരുത്. ഞാന്‍ മരണപ്പെടും. ഇനി ജീവിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ മരിച്ചാലും എന്നെ താമസിക്കുന്ന വീട്ടില്‍ അടക്കണം' അച്ഛൻ അവസാനമായി പറഞ്ഞ വാക്കുകള്‍ ഓർത്തെടുത്ത് മകന്‍ രജ്ഞിത്ത് വിതുമ്പി.
എന്‍റെ അച്ഛന് ആഹാരം കഴിച്ച് പുറത്തിറങ്ങാനുള്ള സമയം അനുവദിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അനാഥരാവില്ലായിരുന്നു. നീതി നടപ്പാക്കാനെത്തിയ സാറമ്മാര്‍ കാണിച്ച അനീതിയാണ് ഞങ്ങള്‍ക്കീ ഗതി വരുത്തിയത്.
അശരണര്‍ക്കുള്ള ഭക്ഷണപ്പൊതി നല്‍കുന്നത് നിര്‍ത്തരുതെന്നും രാജൻ മക്കളോട് പറഞ്ഞിരുന്നു. 'ഇതുവരെ കൊടുത്തിരുന്ന പൊതിച്ചോറ് നിങ്ങള്‍ നിര്‍ത്തരുത്. ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം പാവങ്ങളുടെ ഭക്ഷണത്തിന് വേണ്ടി നിങ്ങള്‍ മാറ്റിവെക്കണം.'
ഞായറാഴ്ച അച്ഛന്‍റെ മരണാനന്തര ചടങ്ങിന് മുമ്പ് പൊതിച്ചോറ് വഴിയരികില്‍ കിടക്കുന്നവര്‍ക്ക് നല്‍കി തുടങ്ങുമെന്ന് രഞ്ജിത്ത് പറഞ്ഞു. ഇനി വരുമനത്തിന്‍റെ ഒരു ഭാഗം വഴിയരികില്‍ ദുരിതമനുഭവിക്കുന്നവരുടെ ഭക്ഷണത്തിന് വേണ്ടിയുള്ളതാണ്. അച്ഛന്‍റെ വാക്ക് ഞങ്ങൾ നിറവേറ്റും -രഞ്ജിത് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.