കൽപറ്റ: രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാർഥിത്വം ‘സർജിക്കൽ സ്ട്രൈക്ക്’ എന്ന് കെ.പി.സി.സി ഉപാധ്യക്ഷൻ ടി. സിദ്ദീഖ് എം.എൽ.എ. വയനാടിന്‍റെ ചരിത്രത്തിൽ രാഹുലിനെ പോലെ ഇടപെടൽ നടത്തിയ മറ്റൊരു പാർലമെന്‍റേറിയൻ ഇല്ലെന്നും സിദ്ദീഖ് പറഞ്ഞു.
വയനാട്ടിലെ ജനം എല്ലായ്പ്പോഴും ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയിം വികസനത്തിന്‍റെയും ഭരണഘടന സംരക്ഷണ താൽപര്യത്തിന്‍റെയും നിലയുറപ്പിക്കുന്ന വിഭാഗമാണ്. വയനാട്ടിലെ ജനത രണ്ട് കൈയും നീട്ടിയാണ് രാഹുലിനെ സ്വീകരിച്ചിട്ടുണ്ട്. റായ്ബറേലിയിലെ സ്ഥാനാർഥിത്വത്തെ വയനാട്ടുകാർ സ്വീകരിക്കും.
രാഹുൽ ഉത്തരേന്ത്യയിൽ നിന്നും ബി.ജെ.പിക്കെതിരെ മത്സരിക്കുന്നതിൽ നിന്ന് ഒളിച്ചോടി എന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മും ബി.ജെ.പിയും ഇടത്, എൻ.ഡി.എ സ്ഥാനാർഥികളും ഉയർത്തിയ പ്രധാന ചോദ്യം. എന്നാൽ, മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ഇവർ പറയുന്നത് വയനാടിനെ വഞ്ചിച്ചു എന്നാണ്. ഈ രണ്ട് പ്രസ്താവനകളും ഇരട്ടത്താപ്പാണ്.
നരേന്ദ്ര മോദി ഉൾപ്പെടെ പലരും രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. അത് ജനപ്രാതിനിധ്യ നിയമത്തിലെ അവകാശമാണ്. മോദിയുടെ ആവലാതി ആനി രാജ ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ ഏറ്റെടുക്കുന്നത് കൗതുകകരമാണ്. വയനാട്ടിലും റായ്ബറേലിയിലും രാഹുൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
സ്വന്തം പരാജയം മുന്നിൽകണ്ട് വിലാപകാവ്യം രചിക്കുന്ന സ്ഥാനാർഥിയാണ് കെ. സുരേന്ദ്രൻ എന്നും മറുപടി അർഹിക്കുന്നില്ലെന്നും ടി. സിദ്ദീഖ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.