പാലക്കാട്: സ്റ്റേറ്റ് കാറിൽ വന്ന് ജനങ്ങളെ കൊള്ളയടിക്കുന്ന കുറുവ സംഘമാണ് വൈദ്യുതി മന്ത്രിയും കൂട്ടരും എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്വന്തം വകുപ്പിലെ ഒരു കാര്യമെങ്കിലും അറിയാൻ മന്ത്രി ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു.
ചെറിയ വ്യത്യാസത്തിൽ രണ്ടു തവണ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന ക്രൂരമായ കൊള്ളയാണിത്. കുറുവ സംഘം ഇവരേക്കാൾ കുറച്ചുകൂടി ഭേദമാണ്. അവർ സ്റ്റേറ്റ് കാറിൽ വന്നല്ല കൊള്ളയടിക്കുന്നത്. സ്റ്റേറ്റ് കാറിൽ വന്ന് കൊള്ളയടിക്കുന്ന കുറുവ സംഘമായി വൈദ്യുതി വകുപ്പ് മാറിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
ജനങ്ങളെ ദ്രോഹിക്കാൻ ഗവേഷണം നടത്തുന്ന സർക്കാറിന്‍റെ ഏറ്റവും ഒടുവിലത്തെ ക്രൂരതയാണിത്. ഇത് അനുവദിക്കാൻ കഴിയില്ല. എല്ലാവരെയും ബാധിക്കുന്ന വിഷയത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
വൈദ്യുതി നിരക്ക് വര്‍ധിപ്പ സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍ നടത്തിയ അഴിമതിയുടെ ഭാരമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
വിലക്കയറ്റത്തിൽ പൊുറുതിമുട്ടുന്ന ജനത്തിന് ആഘാതമായാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. യൂനിറ്റിന് 16 പൈസയാണ് കൂട്ടിയത്. അടുത്ത വർഷം ഏപ്രിലിൽ യൂനിറ്റിന് 12 പൈസയുടെ വർധനവും റെഗുലേറ്ററി കമീഷൻ പ്രഖ്യാപിച്ചു. കൂടാതെ ഫിക്സഡ് നിരക്കും കൂട്ടി.
2019ന് ശേഷം അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിച്ചത്. കൃഷി ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് യൂനിറ്റിന് അഞ്ച് പൈസ കൂട്ടി. 10 കിലോവാട്ട് ലോഡുള്ള ചെറുകിട വ്യവസായങ്ങളുടെ എനർജി ചാർജിലും അഞ്ച് പൈസയുടെ വർധനവുണ്ട്. സമ്മർ താരിഫ് ഉൾപ്പെടെ യൂനിറ്റിന് 37 പൈസയുടെയും അടുത്ത വർഷം 27 പൈസയുടെയും വർധനവായിരുന്നു കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്.
വാർഷിക വിലക്കയറ്റ തോത് 5.19 ശതമാനമായിരിക്കെ 2024-25 വർഷത്തേക്ക് 2.3 ശതമാനവും 2025-26 വർഷത്തേക്ക് 1.75 ശതമാനവും വർധനവേ അനുവദിച്ചുള്ളൂവെന്നാണ് കമീഷൻ വാദമെങ്കിലും നിരക്ക് വർധന ഉപഭോക്താക്കൾക്ക് ഭാരമാകും. ഇന്ധന സർചാർജായി 19 പൈസ എല്ലാമാസവും ഈടാക്കുന്നതിനൊപ്പമാണ് എനർജി ചാർജ്, ഫിക്സഡ് ചാർജ് എന്നിവയിലും വർധന പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.