കോഴിക്കോട്: കോവിഡിന്റെ പേരിൽ എയർകണ്ടീഷൻ കോച്ചുകളിൽ പുതപ്പ് വിതരണം നിർത്തിയിട്ടും തുക മുടക്കമില്ലാതെ ഈടാക്കുന്നു. ടിക്കറ്റ് നിരക്കിനൊപ്പം 25 രൂപയാണ് ഈയിനത്തിൽ ഈടാക്കുന്നത്. രണ്ടു വർഷമായി നൽകാത്ത സേവനത്തിനാണ് ചാർജ് ഈടാക്കുന്നത്.
കോവിഡ് വ്യാപനത്തെത്തുടർന്നാണ് എയർകണ്ടീഷൻ കോച്ചുകളിൽ 'ബെഡ് റോളുകൾ' വിതരണം ചെയ്യുന്നത് നിർത്തിവെച്ചത്. ഡിസ്പോസിബിൾ ബെഡ്റോൾ എ.സി യാത്രികർക്ക് നൽകുമെന്ന് ഒരു വർഷം മുമ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ കൊടുത്തിട്ടില്ല.
മുൻകാലങ്ങളിലെ ടൈംടേബിളിൽ ബെഡ് റോൾ നൽകിയില്ലെങ്കിൽ ടിക്കറ്റിൽ ഈടാക്കിയ 25 രൂപ റീഫണ്ട് ചെയ്യുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും പാലിക്കപ്പെടുന്നില്ല. അതേസമയം കോവിഡിന് മുമ്പ് അർഹതപ്പെട്ട 53 വിഭാഗങ്ങൾക്ക് റെയിൽവേ ആനുകൂല്യങ്ങളും ഇളവുകളും മുൻഗണനയും നൽകിയിരുന്നു.
അതെല്ലാം പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറക്കുകയും ചെയ്തു. മുതിർന്ന പൗരന്മാർക്ക് റെയിൽവേ കാലങ്ങളായി അനുവദിച്ചിരുന്ന ഇളവുകൾ ഉൾപ്പെടെ 37 വിഭാഗങ്ങളെ ആനുകൂല്യങ്ങളിൽ നിന്നൊഴിവാക്കി.
നൽകാത്ത സേവനത്തിന് ഈടാക്കുന്ന 25 രൂപ ഉടൻ നിർത്തലാക്കണമെന്നും, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ യാത്രനിരക്ക് ഇളവുകൾ പുനഃസ്ഥാപിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ഡോ. എ.വി. അനൂപ്, വർക്കിങ് ചെയർമാൻ സി. ഇ. ചാക്കുണ്ണി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.