കുറ്റിപ്പുറം: ദക്ഷിണ റെയില്‍വേയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കുന്നു. അഞ്ചു മിനിറ്റില്‍ കൂടുതല്‍ ട്രെയിൻ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ മാത്രമേ ഇനി പാര്‍സല്‍ സര്‍വിസ് ഉണ്ടാവൂ. പട്ടാമ്പി, കുറ്റിപ്പുറം, പരപ്പനങ്ങാടി, താനൂർ, കൊയിലാണ്ടി, വടകര, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളില്‍ നവംബർ ഒന്നുമുതല്‍ പാര്‍സല്‍ സര്‍വിസ് ഉണ്ടാവില്ല.
ഇതോടെ ഈ പത്ത് സ്റ്റേഷനുകളില്‍നിന്ന് ചരക്കുസാധനങ്ങള്‍ കയറ്റാനോ ഇറക്കാനോ കഴിയില്ല. ഈ സ്റ്റേഷനുകളില്‍ പാര്‍സല്‍ സര്‍വിസ് നിര്‍ത്തിയ വിവരം റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പാര്‍സല്‍ സര്‍വിസിനെ ആശ്രയിച്ചു ജീവിക്കുന്ന പോര്ട്ടര്മാരുടെയും അവരെ സഹായിക്കുന്ന മറ്റു പോര്ട്ടര്മാരുടെയും അവസ്ഥ ഇതോടെ പ്രയാസത്തിലാകും.
പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയത് കുറ്റിപ്പുറം സ്റ്റേഷന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുമെന്ന് യാത്രക്കാർ പറയുന്നു.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഒരു ദിവസം 30ഓളം പാർസലുകളാണ് കയറ്റിയയക്കുന്നത്. ഇത് സ്റ്റേഷന് നല്ല വരുമാനമായിരുന്നു.
ചങ്ങരംകുളം, എടപ്പാൾ, പൊന്നാനി, ആനക്കര എന്നിവിടങ്ങളിലെ ആളുകൾ പാർസൽ സർവിസിനായി ആശ്രയിച്ചിരുന്നത് കുറ്റിപ്പുറം, പട്ടാമ്പി സ്റ്റേഷനുകളെയാണ്. ഇവിടെ പാർസൽ സർവിസ് നിർത്തുന്നതോടെ ജനങ്ങൾ തിരൂർ, ഷൊർണൂർ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരും.
കുറ്റിപ്പുറത്ത് പല ട്രെയിനുകൾക്കും സ്റ്റോപ്പില്ലാതെ ദുരിതമനുഭവിക്കുന്നതിനിടെയാണ് മറ്റൊരു തിരിച്ചടി. ട്രെയിനുകൾ കുറഞ്ഞതിന് പിന്നാലെ ബി ക്ലാസിൽനിന്നും സി ക്ലാസിലേക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.