തിരുവനന്തപുരം: സാധാരണക്കാരുടെ യാത്രാശ്രയമായ പാസഞ്ചറുകളുടെ വൈകിയോട്ടവും പിടിച്ചിടലുമടക്കം ഉന്നയിച്ച് പ്രതിഷേധിച്ചതിന് വന്ദേഭാരത് വഴിമാറ്റുമെന്ന് റെയിൽവേയുടെ വിചിത്ര ഭീഷണി. ആലപ്പുഴ വഴിയുള്ള വന്ദേഭാരതുകൾ കോട്ടയം വഴിയാക്കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടിൽ വന്ദേഭാരതിന് വഴിയൊരുക്കാൻ പാസഞ്ചറുകളടക്കം വഴിയിൽ പിടിച്ചിടുന്നതും ഗുരുതര യാത്രാപ്രതിസന്ധിയും ചൂണ്ടിക്കാട്ടി ജനകീയ പ്രതിഷേധമുയർന്നതിനെയാണ് ‘വഴിമാറ്റൽ’ ഭീഷണിയിലൂടെ റെയിൽവേ നേരിടുന്നത്.
യാത്രാക്ലേശം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഈ റൂട്ടിൽ യാത്രക്കാർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. എ.എം. ആരിഫ് എം.പിയും പ്രതിഷേധത്തിൽ പങ്കെടുത്ത് യാത്രക്കാർക്ക് പിന്തുണ നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇറക്കിയ വിശദീകരണക്കുറിപ്പിലാണ് ആലപ്പുഴ വഴിയോടുന്ന വന്ദേഭാരതുകൾ കോട്ടയത്തേക്ക് മാറ്റേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നത്.
അശാസ്ത്രീയ സമയക്രമത്തെക്കുറിച്ചോ യാത്രാപ്രശ്നങ്ങളിലോ പരാതിപ്പെടുകയോ പ്രതിഷേധിക്കുകയോ ചെയ്താൽ ട്രെയിൻതന്നെ എടുത്തുമാറ്റുമെന്ന ഭീഷണി ജനാധിപത്യവിരുദ്ധവും ധിക്കാരപരവുമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഇടതു എം.പി കൂടി പങ്കെടുത്ത പ്രതിഷേധം നേരിടുന്നതിന് ഇത്തരമൊരു നീക്കം കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്നും ആരോപണമുണ്ട്.
കായംകുളം പാസഞ്ചർ കുമ്പളത്ത് പിടിച്ചിടുകയും തുടർച്ചയായി വൈകുകയും ചെയ്ത സാഹചര്യത്തിലാണ് വന്ദേഭാരതിന്റെ സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്ജ് ധരിച്ച് യാത്രക്കാർ പ്രതിഷേധിച്ചത്. വർഷങ്ങളായി പാസഞ്ചറുകളിലെ യാത്രക്കാർ നേരിടുന്ന ദുരിതം പരിഹരിക്കാൻ റെയിൽവേ താൽപര്യം പ്രകടിപ്പിക്കുന്നില്ല. വന്ദേഭാരതിന്റെ സമയം മുന്നോട്ടോ, പിന്നോട്ടോ ചെറിയ മാറ്റങ്ങളിലൂടെ പരിഹരിക്കാവുന്ന പ്രശ്നം റെയിൽവേ കൂടുതൽ സങ്കീർണമാക്കുകയാണ്. കായംകുളം പാസഞ്ചറിന്റെ സമയമാറ്റത്തിലൂടെ എറണാകുളം ജങ്ഷനിൽനിന്ന് ഏറനാടിന് ശേഷമുള്ള ഇടവേള രണ്ടു മണിക്കൂറിന് മുകളിലാണ്. ഇതോടെ തീരദേശ പാതയിലൂടെയുള്ള യാത്രാക്ലേശം ഇരട്ടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.