കണ്ണൂർ: കാലവർഷം കനത്തിട്ടും സംസ്ഥാനത്ത് 42 ശതമാനം മഴക്കമ്മി. ജൂൺ ഒന്നു മുതൽ 24 വരെ 511.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 298.3 മി.മീ മാത്രമാണ് ലഭിച്ചത്. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കുറവ് മഴ. പ്രതീക്ഷിച്ചതിലും പകുതിയിൽ താഴെയാണ് രണ്ടിടത്തും പെയ്തത്. മൺസൂൺ തുടങ്ങിയശേഷം 10 ദിവസത്തിലേറെ മഴയൊഴിഞ്ഞ ദിനങ്ങളാണ് കടന്നുപോയത്.
ഇത്തവണ തീരദേശത്ത് മഴ ശക്തമായപ്പോൾ മലയോരത്ത് കാര്യമായ കുറവുണ്ടായി. കിഴക്കേ അറ്റത്തുള്ള വയനാട്ടിലും ഇടുക്കിയിലുമെത്താൻ മാത്രം കാലവർഷക്കാറ്റിന് ശക്തിയില്ലാത്തതാണ് വിനയായത്. വടക്കൻ ജില്ലകളിൽ രണ്ടു ദിവസമായി മഴ സജീവമായതിനാൽ അൽപം ആശ്വാസമായി. കേരള തീരം മുതൽ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ പാത്തി കനിഞ്ഞാൽ ഈ മാസം തന്നെ മഴക്കമ്മി കുറക്കാനാകും.
മധ്യ, വടക്കൻ കേരളത്തിൽ അടുത്ത മൂന്നു ദിവസം ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. മലയോരത്ത് മഴ കുറഞ്ഞത് കാർഷിക മേഖലയെ അടക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. നഞ്ചക്കൃഷിക്കായി വയലൊരുക്കേണ്ട സമയത്ത് മഴയില്ലാത്തത് വയനാട്ടിലടക്കം നെൽകർഷകരെ പ്രതിസന്ധിയിലാക്കി.
കഴിഞ്ഞ ദിവസം വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്നറിയിപ്പിന് അനുസരിച്ച് ശക്തമായ മഴ എവിടെയും ലഭിച്ചില്ല. 2018ലെ പ്രളയത്തിനുശേഷം ജൂണിൽ ലഭിക്കുന്ന മഴ കാര്യമായി കുറയുകയും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ അതിതീവ്രമാകുകയുമാണ്. അടുത്ത മാസങ്ങളിൽ ആവശ്യത്തിന് മഴ ലഭിച്ച് മഴക്കമ്മി കുറക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.