കൊച്ചി: പെന്‍ഷന്‍ പ്രായം അറുപതാക്കിയത് യുവാക്കളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സര്‍ക്കാര്‍ സര്‍വിസിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ തുടക്കമായാണ് പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോള്‍, പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടോ ആലോചിക്കാതെ തീരുമാനമെടുത്തത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ പ്രായ വര്‍ധനക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളത്? കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 55ല്‍ നിന്ന് 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്.
ചെറുപ്പക്കാരുടെ ഭാവയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.