ആർ.എസ്.എസിലൂടെ വളർന്ന നേതാവ്; മോദിയുടെ അടുപ്പക്കാരൻ; പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ

കോഴിക്കോട്: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെക്കറെ നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും.

ഭരണതലത്തിൽ സർക്കാറിനോടും നടുറോഡിൽ മുഖ്യഭരണകക്ഷിയുടെ വിദ്യാർഥി വിഭാഗവുമായും ഏറ്റുമുട്ടിയാണ് അഞ്ച് വർഷത്തിലേറെ നീണ്ട കാലയളവ് പൂർത്തിയാക്കി ആരിഫ് മുഹമ്മദ് കേരളം വിടുന്നത്. ഗോവയില്‍ നിന്നുള്ള നേതാവായ ആര്‍ലേക്കര്‍ ഉടന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റെടുക്കും. മുൻ ഹിമാചൽ പ്രദേശ് ഗവർണറും ഗോവ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്നു ആർലെക്കർ.

ആർ.എസ്.എസിലൂടെ വളർന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ദീർഘകാലം ആർ.എസ്.എസ് ചുമതലകൾ വഹിച്ച ശേഷം 1989ലാണ് ബി.ജെ.പിയിൽ അംഗത്വം എടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായും അടുത്ത ബന്ധമുണ്ട്. ഗോവ ബി.ജെ.പി ജനറല്‍ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷൻ ചെയർമാൻ, ബി.ജെ.പി ഗോവ യൂനിറ്റിന്‍റെ ജനറൽ സെക്രട്ടറി, ബി.ജെ.പി സൗത് ഗോവ പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

2014ൽ മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധവകുപ്പ് മന്ത്രിയായി നിയമിതനായപ്പോള്‍ ഗോവ മുഖ്യമന്ത്രി പദത്തിലേക്ക് രാജേന്ദ്ര വിശ്വനാഥ് ആർലെക്കറിന്‍റെ പേരാണ് ഉയർന്നുകേട്ടത്. ഏറ്റവും ഒടുവിലാണ് അപ്രതീക്ഷിതമായി ലക്ഷ്മികാന്ത് പര്‍സേക്കറിനെ മുഖ്യമന്ത്രിയായി നിയമിക്കുന്നത്. ഗോവയിലെ നിയമസഭ പ്രവർത്തനം കടലാസ് രഹിതമാകുന്നത് ആർലെക്കർ സ്പീക്കറായ ശേഷമായിരുന്നു. രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായിരുന്നു ഗോവയിലേത്.

രണ്ടു തവണ ഗോവ നിയമസഭാംഗമായിരുന്ന ആർലെക്കർ മികച്ച സ്പീക്കറെന്ന നിലയിലും പേരെടുത്തിരുന്നു. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ വനം പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 ജൂലൈയിലാണ് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്‍റെ 29മാത് ഗവര്‍ണറായി.

കേരളത്തിനും ബിഹാറിനും പുറമെ, ഒഡിഷ, മിസോറം, മണിപ്പൂർ ഗവർണർമാരെയും മാറ്റിയിട്ടുണ്ട്. ഒഡിഷ ഗവർണർ സ്ഥാനത്തുനിന്ന് രഘുബർ ദാസിന്‍റെ രാജി സ്വീകരിച്ച രാഷ്ട്രപതി പകരം മിസോറം ഗവർണർ ഡോ. ഹരി ബാബു കമ്പംപതിയെ ഒഡിഷ ഗവർണറായി നിയമിച്ചു. ജനറൽ വിജയ് കുമാർ സിങ്ങാണ് പുതിയ മിസോറം ഗവർണർ. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - Rajendra Vishwanath Arlekar is new Kerala Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.