തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന് പിന്നാലെ രാജ്യസഭ സീറ്റ് വിഭജനത്തിൽ തർക്കം മൂത്ത് ഇടതു മുന്നണി. ഇടതിന് ലഭിക്കുന്ന രണ്ടു സീറ്റുകളിലൊന്നിന് വേണ്ടി പിടിമുറുക്കുകയാണ് സി.പി.ഐയും കേരള കോൺഗ്രസ് മാണിയും. ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ നാലിടത്ത് മത്സരിച്ചുവെങ്കിലും എല്ലാം തോറ്റു. കോട്ടയത്ത് കേരള കോൺഗ്രസ് മാണിയും തോറ്റു.
കനത്ത ത്രികോണ മത്സരം നേടിട്ട തൃശൂരിൽ ഉൾപ്പെടെ വോട്ടുവിഹിതം വർധിപ്പിച്ച് ശക്തി തെളിയിച്ച തങ്ങൾക്ക് തന്നെയാണ് രാജ്യസഭ സീറ്റിന് അർഹതയെന്നാണ് സി.പി.ഐ വാദം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ബുധനാഴ്ച ഇക്കാര്യം ആവർത്തിച്ചു.
രാജ്യസഭ സീറ്റ് ലഭിച്ചേ മതിയാകൂവെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. നിലവിൽ പാർലമെന്റിൽ അവർക്ക് പ്രാതിനിധ്യമില്ല. സംസ്ഥാനത്ത് ഒഴിവുവരുന്ന സീറ്റുകളിലൊന്ന് ജോസ് കെ മാണി കാലാവധി പൂർത്തിയാക്കി ഒഴിയുന്നതാണ്. സീറ്റ് കിട്ടിയില്ലെങ്കിൽ പാർട്ടി അധ്യക്ഷന് പാർലമെന്ററി പദവിയൊന്നുമില്ലാത്ത സാഹചര്യമുണ്ടാകും.
അതിനാൽ ജോസ് കെ. മാണിക്കുവേണ്ടി സീറ്റ് കിട്ടിയേ തീരൂവെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ഇക്കാര്യം കഴിഞ്ഞ ദിവസവും സി.പി.എം നേതൃത്വത്തെ അവർ അനൗദ്യോഗികമായി അറിയിച്ചതായാണ് വിവരം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിയുന്ന സീറ്റ് വിട്ടുകൊടുക്കാൻ സി.പി.ഐ തയാറല്ലെന്ന് വരുമ്പോൾ സി.പി.എം വിഷമസന്ധിയിലാണ്.
ജൂൺ 25നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. 13 വരെയാണ് പത്രിക നൽകാനുള്ള സമയം. അതിനാൽ തീരുമാനം അതിന് മുമ്പ് ഉണ്ടാകേണ്ടതുണ്ട്. സി.പി.ഐക്കും കേരള കോൺഗ്രസ് മാണിക്കും പുറമെ എം.വി ശ്രേയസ് കുമാറിന് വേണ്ടി ആർ.ജെ.ഡിയും സീറ്റ് ആവശ്യപ്പെടുന്നുണ്ട്. എങ്ങനെ സമവായത്തിലെത്തുമെന്ന അനൗപചാരിക ചർച്ചകളിലാണ് എൽ.ഡി.എഫ് നേതൃത്വം. ഒഴിവുള്ള മൂന്ന് സീറ്റിൽ ഒന്ന് യു.ഡി.എഫിന് ജയിക്കാവുന്നതാണ്. അത് മുസ്ലിം ലീഗിനാണ്. ഇടതിന് ലഭിക്കുന്ന രണ്ടിൽ ഒന്ന് സി.പി.എമ്മിന്റേതാണ്.
അത് നൽകി വിട്ടുവീഴ്ചക്ക് സി.പി.എം തയാറാകുമോയെന്നു കണ്ടറിയണം.
കേരള കോൺഗ്രസിന് സീറ്റ് നിഷേധിച്ചാൽ യു.ഡി.എഫിലേക്കുള്ള തിരിച്ചുപോക്ക് ഉൾപ്പെടെ ആ പാർട്ടിയിൽ വീണ്ടും ചർച്ചയാകുമെന്ന സാഹചര്യവും എൽ.ഡി.എഫിന് മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.