പള്ളിയോടം മറിഞ്ഞ് മരണം മൂന്നായി; രാകേഷിന്‍റെ മൃതദേഹവും കിട്ടി

ചെങ്ങന്നൂർ: അച്ചൻകോവിലാറ്റിൽ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ രാകേഷിന്‍റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം മൂന്നായി. ചെന്നിത്തല കിഴക്കേവഴി മഹാത്മ ഗേൾസ് ഹൈസ്കൂളിനു സമീപം വൃന്ദാവനത്തിൽ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെയും രാധാമണിയമ്മയുടെയും മകൻ രാകേഷിന്‍റെ (44) മൃതദേഹമാണ് കിട്ടിയത്.

ഞായറാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് നേവിയുടെ അഞ്ചംഗസംഘം ഞായറാഴ്ച ഉച്ചക്ക് 12ന് പള്ളിയോടം മറിഞ്ഞതിന്‍റെ 100 മീറ്റർ മാറി പടിഞ്ഞാറ് വലിയ പെരുമ്പുഴപാലത്തിന്‍റെ താഴെനിന്ന് മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ എട്ടിനാണ് ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെട്ട ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറ്റിലെ വലിയപെരുമ്പുഴ പള്ളിയോടക്കടവിന് സമീപം മറിഞ്ഞത്.

രാകേഷിനൊപ്പം കാണാതായ പ്ലസ് ടു വിദ്യാർഥി ആദിത്യൻ (18), ചെന്നിത്തല ചെറുകോൽ മനാശ്ശേരിൽ വിനീഷ് (37) എന്നിവരുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിലെ യാത്രക്ക് മുന്നോടിയായുള്ള ആദ്യത്തെ വെടിമുഴക്കത്തോടെ പ്രദക്ഷിണം വെക്കുന്നതിനിടയാണ് അപകടം. ആറന്മുളക്ക് പുറപ്പെടുന്നതിന് മുമ്പ് പള്ളിയോടം മുന്നോട്ടുപോയി തിരികെവരുന്ന ചടങ്ങുണ്ട്. ഇതിനായി കടവിൽനിന്ന് പുറപ്പെട്ട് 100 മീറ്റർ കഴിഞ്ഞ് തിരിയുന്നതിനിടെയാണ് മറിഞ്ഞത്.

മാവേലിക്കര പുതിയകാവിലെ പെട്രോൾ പമ്പിലെ സൂപ്പർവൈസറാണ് രാകേഷ്. ഭാര്യ: സജിത. മക്കൾ: സുധി (പ്ലസ് വൺ വിദ്യാർഥി), സചിൻ (മഹാത്മ ഹയർസെക്കൻഡറി സ്കൂൾ, ഏഴാം ക്ലാസ് വിദ്യാർഥി). സംഭവത്തിൽ ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണതേജ അന്വേഷണത്തിന് ഉത്തരവിട്ടു.

Tags:    
News Summary - Rakesh's dead body was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.