ഇടതു മുന്നണിയുടെ അസ്ഥിവാരം ഇളകിത്തുടങ്ങിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മേല്‍ക്കൂരയാണ് തെറിച്ചുപോയതെങ്കില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷത്തിന്റെ അസ്ഥിവാരം ആടിത്തുടങ്ങിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ കപ്പിത്താനെ വച്ച് ഇനിയും മുന്നോട്ടുപോകണമോയെന്ന് ഇടതുപക്ഷം ആലോചിക്കണം. വികസനത്തിന്റെ മറവില്‍ ഖജനാവ് കൊള്ളയടിച്ച് സ്വന്തം കീശ വീര്‍പ്പിച്ചവര്‍ക്കുള്ള അതിശക്തമായ താക്കീത് കൂടിയാണ് പുതുപ്പള്ളിയിലെ തിളക്കമാര്‍ന്ന വിജയം.

ഉമ്മന്‍ചാണ്ടിയോടുള്ള അഗാധമായ സ്നേഹപ്രകടനമാണ് പുതുപ്പള്ളിയിലെ ഓരോ ബൂത്തിലും കണ്ടത്. അതിനെ വികലമാക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തിന് ലഭിച്ച കനത്ത തിരിച്ചടി കൂടിയാണ് ചാണ്ടി ഉമ്മന്റെ വമ്പിച്ച വിജയം. നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ ഇടതുപക്ഷ മുന്നണിക്ക് പുതുപ്പള്ളിയിലെ ജനങ്ങള്‍ കൊടുത്ത പ്രഹരമാണ് ചാണ്ടി ഉമ്മന്റെ വിജയം. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ ശക്തനാണ് അനശ്വരനായ ഉമ്മന്‍ ചാണ്ടി എന്നു തെളിഞ്ഞിരിക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതികരണവുമാണ് പുതുപ്പള്ളിയില്‍ കണ്ടത്.

സി.പി.എമ്മിന്റെ പാര്‍ട്ടി ബന്ധുക്കള്‍ക്കും സ്വന്ത കാര്‍ക്കും, ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്കും പണം ഉണ്ടാക്കുക എന്നത് മാത്രം ഭരണത്തിന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു. അഴിമതിയും കൊള്ളയും തട്ടിപ്പും നടത്തുക, കൂടുതല്‍ കൂടുതല്‍ പണ മുണ്ടാക്കുക ഇത് മാതമാണ് ഇടതു ഭരണത്തിന്റെ ലക്ഷ്യം.

ഇനിയെങ്കിലും സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്തണം, അഴിമതികള്‍ അവസാനിപ്പിക്കണം, ജനങ്ങളെ സഹായിക്കാനുള്ള നടപടികള്‍ ഉണ്ടാകണം പക്ഷെ ഇവര്‍ ഇതില്‍ നിന്നും പാഠം പഠിക്കില്ല എന്നറിയാം. ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന വികസനം മാത്രമേ ജനങ്ങള്‍ അംഗീകരിക്കൂ എന്ന് തെളിയിക്കുന്നത് കൂടിയാണ് ജനവിധി. ചാണ്ടി ഉമ്മന്‍ എന്ന ചെറുപ്പക്കാരനെ പുതുപ്പള്ളിയിലെ ജനങ്ങള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് ഉമ്മന്‍ ചാണ്ടിക്ക് ആ നാട് കൊടുത്ത ആദരവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala said that the bones of the Left Front have started to shake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.