തിരുവനന്തപുരം: വലിയൊരു ഗൂഢാലോചനയുടെ ഒടുവിലത്തെ ഭാഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും സത്യം തെളിയുമെന്നും ലൈംഗികാരോപണം നേരിട്ട സംവിധായകൻ രഞ്ജിത്ത്. കുറച്ചു കാലങ്ങളായി തനിക്കെതിരെ ഇത്തരമൊരു ആരോപണമുയരുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത അന്നു തൊട്ട് ഒരു സംഘം ആളുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢാലോചനയാണ് ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. മാധ്യമങ്ങളെ കാണാതെ, ശബ്ദ സന്ദേശത്തിലൂടെയായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. സന്ദേശത്തിന്റെ പൂർണ രൂപം:
ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഏറ്റിട്ടുള്ള വലിയ കളങ്കം മാറ്റാൻ എളുപ്പമല്ല. എന്നാൽ അത് സത്യമല്ലെന്ന് തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. തെറ്റുകാരനല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ പറ്റൂ. ആരോപണങ്ങളുടെ ഒരു ഭാഗം നുണയായിരുന്നു. അവർ തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്. ലോകത്തെ സത്യം അറിയിക്കുന്നതിന് നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.
കേരള സർക്കാരിനെതിരെ വലതുപക്ഷ രാഷ്ട്രീയ നിലപാടുള്ളവരും അവർക്കൊപ്പം പോർമുഖത്ത് നിൽക്കുന്ന മാധ്യമങ്ങളും പല വിഷയങ്ങളിലും സർക്കാറിനെതിരെ ചെളിവാരിയെറിയുകയാണ്. ആ വിഷയങ്ങളിൽ ഒന്നിലാണ് എന്റെ പേരുള്ളത്. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ എന്ന വ്യക്തി കാരണം സർക്കാരിന് കളങ്കമേൽക്കും എന്ന പശ്ചാത്തലത്തിൽ സർക്കാർ നൽകിയ ഔദ്യോഗിക സ്ഥാനം രാജിവെക്കുകയാണ്. നിയമനടപടികൾ പൂർത്തിയായി സത്യം ലോകമറിയുന്ന ഒരവസരം വരും. അത് അത്ര വിദൂരമല്ല എന്നറിയാം. സർക്കാറിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നു കൊണ്ടല്ല ആ പോരാട്ടം നടത്തേണ്ടത് എന്ന് വ്യക്തമായ ബോധ്യമുണ്ട്. അതിനാലാണ് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത്''. തന്റെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ വലിയൊരു മാധ്യമസംഘം ഇരച്ചു കയറി വന്നത്. എന്നാൽ ഒരു മാധ്യമ കാമറയെ അഭിമുഖീകരിക്കേണ്ട ആവശ്യമില്ലെന്നും രഞ്ജിത്ത് സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.