രഞ്ജിത്തിന്‍റെ വാദം പൊളിഞ്ഞു; ചലച്ചിത്ര അക്കാദമിയുടെ സമാന്തര യോഗത്തിൽ കുക്കു പരമേശ്വരനും സോഹൻ സിനുലാലും പങ്കെടുത്തു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഭരണസമിതിയുടെ സമാന്തര യോഗത്തിൽ കുക്കു പരമേശ്വരനും സോഹൻ സിനുലാലും പങ്കെടുത്തില്ലെന്ന ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്‍റെ വാദം പൊളിയുന്നു. കുക്കുവും സോഹനും പങ്കെടുത്തതിന്‍റെ മിനിട്ട്സ് മീഡിയവൺ പുറത്തുവിട്ടു.

ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോറിൽ ഫെസ്റ്റിവൽ ഓഫിസിനകത്ത് നടന്ന യോഗത്തിൽ ഓൺലൈനായാണ് കുക്കുവും സോഹനും സിബി കെ. തോമസും പങ്കെടുത്തത്. ഇക്കാര്യം മിനിട്ട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കുക്കു പരമേശ്വരനെ അവഹേളിക്കുകയും അപമര്യാദയോടെ പെരുമാറുകയും ചെയ്ത താൽകാലിക ജീവനക്കാരിക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗ തീരുമാനമായി മിനിട്ട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്‍റെ നിലപാടുകൾക്കെതിരെ അക്കാദമി ഭരണസമിതിയിലെ അംഗങ്ങൾ പരസ്യമായി രംഗത്തുവന്നിരുന്നു. രഞ്ജിത്തിന്‍റെ രാജി ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി സജി ചെറിയാനും സാംസ്കാരിക സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്. ഭരണസമിതിയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നും ഇത്തരത്തിൽ മുന്നോട്ടു പോകാനാകില്ലെന്നും വ്യാഴാഴ്ച ഇ-മെയിൽ വഴി നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാന ദിവസമാണ് മുഖ്യവേദിയായ ടാഗോറിൽ ഫെസ്റ്റിവൽ ഓഫിസിനകത്ത് സംവിധായകൻ മനോജ് കാനയുടെ നേതൃത്വത്തിൽ അക്കാദമി ഭരണസമിതി അംഗങ്ങളിൽ ഒമ്പതുപേർ സമാന്തരയോഗം ചേർന്നത്. രഞ്ജിത്ത് രാജിവെക്കാതെ മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ തീരുമാനിച്ചു. എന്‍. അരുണ്‍, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരന്‍, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍, നടന്‍ ജോബി, സിബി കെ. തോമസ്, സോഹൻ സിനുലാൽ എന്നിവരാണ് യോഗം ചേർന്നത്.

ചലച്ചിത്ര മേളയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അതൃപ്തി അറിയിച്ച കുക്കു പരമേശ്വരനോട് കഴിഞ്ഞ ദിവസം രഞ്ജിത്ത് മോശം പരാമർശം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബുധനാഴ്ച തന്നെ മേള ബഹിഷ്കരിച്ച് നാട്ടിലേക്ക് മടങ്ങിയ കുക്കു, വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ഓൺലൈനായാണ് പങ്കെടുത്തത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ശോഭ കെടുത്തുന്ന പ്രവർത്തനങ്ങളാണ് ചെയർമാൻ സ്ഥാനത്തിരുന്ന് രഞ്ജിത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറ‍യുന്നു. അക്കാദമി നടത്തിയ മറ്റ് പരിപാടികളിലും രഞ്ജിത്തിന്‍റെ പ്രതികരണങ്ങൾ വിവാദമുണ്ടാക്കി. അക്കാദമിയുടെ ഭരണപരമായ കാര്യങ്ങളിൽ ഏകാധിപത്യവും ധിക്കാര സമീപനവുമാണ് ചെയർമാനിൽ നിന്ന് ഉണ്ടാകുന്നത്. ഡോ. ബിജുവിനെ അധിക്ഷേപിച്ചതും മേളയുടെ മാറ്റ് കുറക്കാൻ കാരണമായെന്നും പരാതിയിൽ പറയുന്നു.

സംവിധായകൻ ഡോ. ബിജുവിനെക്കുറിച്ച രഞ്ജിത്തിന്‍റെ പരാമര്‍ശങ്ങളില്‍ മന്ത്രി സജി ചെറിയാനും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഡോ. ബിജുവുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്തതാണെന്നും വീണ്ടും വിഷയം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമുള്ള അഭിപ്രായമാണ് സജി ചെറിയാന്‍ അറിയിച്ചത്. 27 അംഗ ഭരണസമിതിയിൽ ഒമ്പതുപേർ സർക്കാർ ഉദ്യോഗസ്ഥരാണ്. സർക്കാർ നോമിനേറ്റ് ചെയ്ത 18 പേരിൽ 14 പേരും രഞ്ജിത്തിന് എതിരാണെന്നാണ് വിവരം.

Tags:    
News Summary - Ranjith's argument fails; Kuku Parameswaran and Sohan Sinulal attended the parallel meeting of the chalachitra academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.