റാന്നി സ്ഫോടനം: ഗുരുതര പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

റാന്നി: റാന്നിയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളി മരണപ്പെട്ടു. റാന്നിയിൽ ടയർ കടയിൽ ജോലി നോക്കി വന്ന അസം സ്വദേശി ഗണേഷ് ഗൗർ (28) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3.30 ടെയാണ് മരണപ്പെട്ടത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റിരുന്ന ഇയാളുടെ സ്ഥിതി ഗുരുതമായിരുന്നു. ജോലി കഴിഞ്ഞു വന്ന ശേഷം ഗ്യാസ് അടുപ്പിൽ ഭക്ഷണം ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് സ്പോടനമുണ്ടായതെന്ന് ഗണേഷ് പൊലീസിന് മൊഴി നൽകിയിരുന്നു.

ഞായറാഴ്ച രാത്രി 9.15 ഓടെയാണ് അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന ഇടശേരിൽ കുറിയാക്കോസിന്‍റെ കെട്ടിടത്തിന്‍റെ മുറിയിൽ ഉഗ്രസ്ഫോടനം ഉണ്ടായത്. സ്ഫോടനം ഗ്യാസ് ലീക്കായതിലൂടെയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. റാന്നി ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. ചെറിയ തീപിടിത്തം ഉണ്ടായിട്ടുണ്ട്. മുറിയുടെ കതക് ഇളകി ദൂരേക്ക് തെറിച്ചുപോയി. ജനൽ ചില്ലുകളും മറ്റും തകർന്നു.

പൊലീസിനും അഗ്നിശമന സേനയ്ക്കും പുറമെ ഫോറെൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും, ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. സ്ഫോടനമുണ്ടായ കെട്ടിടത്തിന് സമീപത്തെ വ്യാപാര സ്ഥലത്തിന്റെ മെയിൻ ഗ്ലാസുകൾ ഉൾപ്പടെ പൊട്ടി നശിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 500 മീറ്ററിന് മുകളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.


 ഞെട്ടി വിറച്ച് നാട്ടുകാരും വ്യാപാരികളും

റാന്നി: റാന്നി പൊലീസ് സ്റ്റേഷന് മൂക്കിനു താഴെയാണ് ഞാറാഴ്ച രാത്രിയിൽ നാടിനെ ഞെട്ടിച്ച ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്ഫോടനം നടന്നത് ഇടുങ്ങിയ മുറിയിലായിരുന്നു. ആദ്യം സ്ഫോടക വസ്തുക്കൾ പൊട്ടിയെന്നാണ് കരുതിയത്. പിന്നീട് ഗ്യാസ് ചോർച്ചയെന്ന നിഗമനത്തിൽ പൊലീസെത്തി. സംഭവമറിഞ്ഞ് നിരവധി പേർ ഓടിക്കൂടി. രാത്രി തന്നെ സംഭവ സ്ഥലം ബ്ലോക്ക് ചെയ്തു. ആളുകളെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.

സ്ഫോടനത്തിൽ കെട്ടിടങ്ങൾ കുലുങ്ങി. ആദ്യം സംഭവം എന്തെന്ന് അറിയാതെ അരക്കിലോമിറ്റർ ചുറ്റളവിൽ ഉള്ളവർ പരിഭ്രാന്തിയിലായി. സമീപത്തെ വ്യാപാരികളും പേടിച്ച് വിറച്ചു. തൊട്ടുതാഴെയുള്ള മാർവൽ സ്പോർട്സ് സാധനങ്ങൾ വിൽപന നടത്തുന്ന കടയുടെ മുൻവശത്തെ ചില്ലുകൾ പ്രകമ്പനത്തിൽ തവിട് പൊടിയായി. ആയിരക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. സമീപമുള്ള വക്കീലാഫീസിന്‍റെ ചില്ലുകൾ പൊട്ടിയില്ലെങ്കിലും ഇളക്കം ഉണ്ടായി. കഴിഞ്ഞ രാത്രി ആകെ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു ടൗൺ പ്രദേശം.

Tags:    
News Summary - Ranni blast: inter state worker died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.