തൃശൂര്‍: നഗരത്തിലെ എരിഞ്ഞേരി അങ്ങാടിയിലെ തട്ടില്‍ കുടുംബത്തില്‍നിന്ന് സിറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗവുമായി മാര്‍ റാഫേല്‍ തട്ടില്‍. തൃശൂർ അതിരൂപത സഹായമെത്രാനായും ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായും പ്രവർത്തിച്ച ഈ സൗമ്യശീലന് അർഹിച്ച അംഗീകാരമാണ് കൈവന്നത്. ‘മുറിക്കപ്പെടുന്നതിനും നല്‍കപ്പെടുന്നതിനും’ ജീവിച്ച ഇടയൻ എന്നാണ് മാർ തട്ടിലിനെക്കുറിച്ച് സഭാതലത്തിലെ വിശേഷണം. 2010 ഏപ്രില്‍ 10ന് തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിഷേകം ചെയ്തപ്പോള്‍ അദ്ദേഹം സ്വീകരിച്ച മുദ്രാവാക്യം അതായിരുന്നു.
തൃശൂരില്‍ മികച്ച മേജര്‍ സെമിനാരി രൂപകല്പന ചെയ്ത് നടപ്പാക്കാന്‍ നേതൃത്വം നല്കിയ മാര്‍ തട്ടില്‍ മികച്ച വാഗ്മിയാണ്. ആവേശം കൊള്ളിക്കുന്ന പ്രഭാഷണ ചാതുരിയും എല്ലാവര്‍ക്കിടയിലും പുഞ്ചിരിയും സാന്ത്വനവുമായി കടന്നുചെല്ലുന്ന സ്വഭാവവുമുള്ള വൈദികൻ. തൃശൂര്‍ ബസിലിക്ക ഇടവകാംഗമാണ്. ബസിലിക്കക്ക് പിന്നില്‍ മാര്‍ത്തോമ ഗേള്‍സ് ഹൈസ്കൂളിന് മുന്നിലാണ് മാര്‍ തട്ടിലിന്റെ വീട്.
തട്ടില്‍ തോമ ഔസേഫിന്റെയും ഏനാമാവ് കാഞ്ഞിരത്തിങ്കല്‍ ത്രേസ്യയുടേയും പത്താമത്തെ മകനായി 1956 ഏപ്രില്‍ 21നാണ് ജനനം. റാഫേലിന് രണ്ടര വയസ്സുള്ളപ്പോള്‍ പിതാവ് വിട പറഞ്ഞു. അമ്മക്കൊപ്പം മൂത്ത സഹോദരന് ലാസറാണ് തന്നെയും മറ്റ് സഹോദരങ്ങളേയും വളര്‍ത്തിയതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറയാറുണ്ട്.
തൃശൂർ സെന്റ് തോമസ് ഹൈസ്കൂൾ, സെന്റ് മേരീസ് മൈനർ സെമിനാരി, കോട്ടയം സെന്റ് തോമസ് സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 1980 ഡിസംബര്‍ 21ന് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ‘പ്രീസ്റ്റ്ലി ഫോര്മേഷന് ഇന്‍ ദ സിറോ മലബാര്‍ ചര്ച്ചി’ല്‍ ഡോക്ടറേറ്റ് നേടി. ഇംഗ്ലീഷിന് പുറമെ ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ ഭാഷകളിലും പ്രാവീണ്യമുണ്ട്. രൂപത കച്ചേരിയില്‍ നോട്ടറിയും ജഡ്ജിയും അഡ്ജുറ്റന്റ് വികാരിയുമായിരുന്നു.
തൃശൂർ അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍, പ്രൊക്കുറേറ്റര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിങ് വികാരിയായും സേവനമനുഷ്ഠിച്ചു. തൃശൂർ രൂപത വൈസ് ചാന്‍സലര്‍, മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ഡി.ബി.സി.എല്‍.സി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചു. 1996ലും 98ലും ചാന്‍സലറായി. വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടേയും നാമകരണ കോടതികളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചു. മാര്‍ കുണ്ടുകുളം, മാര്‍ ജേക്കബ് തൂങ്കുഴി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 2010 ല്‍ തൃശൂര്‍ അതിരൂപത സഹായമെത്രാനായി ഉയര്‍ത്തപ്പെട്ടത്. 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാർപാപ്പയില്‍നിന്ന് ‘പേപ്പല്‍ ചേംബര്‍ലൈന്‍’ ബഹുമതി ലഭിച്ചു. 2014 ജനുവരി 11ന് മാര്‍പാപ്പ ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി മാർ തട്ടിലിനെ നിയമിച്ചു. 2018ല്‍ ഷംഷാബാദ് ബിഷപ്പായി നിയമിതനായി.
സിറോ മലബാർ രൂപതകളില്ലാത്ത പ്രദേശങ്ങളിലെ സഭാവിശ്വാസികൾക്കായി വത്തിക്കാൻ രൂപവത്കരിച്ച ഷംഷാബാദ് രൂപത 23 സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ്. ഈ ചുമതലയില്‍നിന്നാണ് ഇപ്പോള്‍ സിറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം കൈവന്നത്. സഹോദരങ്ങള്‍: തോമസ്, ഫ്രാന്‍സിസ്, ജോയ്, ജോണ്‍, പരേതരായ ലാസര്‍, ബേബി, ശോശന്നം.
കൊച്ചി: സിറോ മലബാർ സഭയെ ഒത്തൊരുമയോടെ നയിക്കാൻ ഇനി പുതിയ ഇടയൻ. മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതോടെ വിശ്വാസി, വൈദിക സമൂഹം ഏറെ പ്രതീക്ഷയിലാണ്. സഭയെ കർമശേഷിയോടെ നയിക്കാനും എല്ലാവരെയും യോജിപ്പിച്ച് ഐക്യം നിലനിർത്താനും അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തിന് സാധിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
68കാരനായ റാഫേൽ തട്ടിൽ തൃശൂർ സ്വദേശിയാണ്. 1980 ഡിസംബർ 21നാണ് പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന്, അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ അസിസ്റ്റന്റ് വികാരി, മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, അസിസ്റ്റന്റ് പ്രൊക്യുറേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം തൃശൂർ അതിരൂപതയിൽ വൈസ് ചാൻസലർ, ചാൻസലർ, ജുഡീഷ്യൽ വികാരി, ജഡ്ജി, സിഞ്ചെല്ലൂസ്, പ്രോട്ടോസിഞ്ചെല്ലൂസ്, ഡി.ബി.സി.എൽ.സിയുടെയും വിശ്വാസ പരിശീലന വിഭാഗത്തിന്റെയും ഡയറക്ടർ, തൃശൂർ മേരിമാതാ സെമിനാരിയുടെ പ്രഥമ റെക്ടർ എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച് എല്ലാവരുടെയും ‘തട്ടിലച്ച’നായി.
2010 ഏപ്രിൽ 10ന് തൃശൂർ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനിക മെത്രാനുമായി. 2014ൽ സിറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള വിശ്വാസികളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായി. 2017 ഒക്ടോബർ 10ന് ഫ്രാൻസിസ് മാർപാപ്പ ഇദ്ദേഹത്തെ തെലങ്കാന ആസ്ഥാനമായ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 2018 ജനുവരി ഏഴിന് സ്ഥാനമേറ്റ ഇദ്ദേഹം ഷംഷാബാദ് രൂപത മെത്രാനായി സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ് സിറോ മലബാർ സഭയുടെ പിതാവും തലവനുമായി സിനഡ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.