തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് എട്ടുപേർ കൂടി മരിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം ആറുപേർ മരിച്ചു. ഇതോടെ ആഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. 40 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. 92 പേർ സമാന ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇതിൽ 26 പേർ കോഴിക്കോട് ജില്ലയിലാണ്. ഇൗ വർഷം എലിപ്പനി ബാധിച്ച് 105 പേരാണ് മരിച്ചത്.
കോഴിക്കോട് വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്ത് മീത്തല്‍ ആണ്ടി(60), കാരന്തൂർ വെള്ളാരംകുന്നുമ്മൽ കൃഷ്ണൻ (56), മുക്കം പന്തലങ്ങൽ പരേതനായ രാമെൻറ മകൻ ചുള്ളിയോട്ടിൽ ശിവദാസൻ (61) എന്നിവരും മലപ്പുറം ആലംകോട് സ്വദേശി ആദിത്യൻ (53), കാളികാവ് സ്വദേശി അബൂബക്കർ (50), അലിപറമ്പ് സ്വദേശി സുരേഷ് (45) എന്നിവരും ആലപ്പുഴ തകഴി സ്വദേശി സുഷമ (44), തൃശൂർ അയ്യന്തോൾ സ്വദേശി നിശാന്ത് (23) എന്നിവരുമാണ് മരിച്ചത്. േകാഴിക്കോട് കിണാശ്ശേരി നോർത്ത് കരുവീട്ടിൽ ലത്തീഫിെൻറ ഭാര്യ ആയിശബി (48) വെള്ളിയാഴ്ച മരിച്ചത് എലിപ്പനിയെ തുടർന്നാണെന്ന് സംശയിക്കുന്നു. ഇതോടെ കോഴിക്കോട്ട് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.
മൂന്നുദിവസം മുമ്പാണ് പനിബാധിച്ച് ആണ്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബാബു, സത്യന്, വിനോദന്‍, ഷാജി. ക്ഷീരകർഷകനായ ശിവദാസന്‍ വെള്ളിയാഴ്ചയാണ് പനി ബാധിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: മാളുക്കുട്ടി. ഭാര്യ: ഷീലാദേവി. മക്കൾ: ഷാജു, ഷൈജു (ഡി.വൈ.എഫ്.ഐ മുക്കം മേഖല ജോ. സെക്രട്ടറി). കൃഷ്ണൻ വെള്ളിയാഴ്ച രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഏറെക്കാലമായി കിണാശ്ശേരിയിലെ ഭാര്യവീട്ടിലാണ് താമസം. ഭാര്യ: പ്രമീള. മക്കൾ: നിമിഷ, മേഘ, ശേഖ. മരുമകൻ: പ്രജീഷ്.
എലിപ്പനി ബാധിച്ച് പത്തനംതിട്ടയിൽ നാലുപേരും കോട്ടയത്ത് മൂന്നുപേരും ആലപ്പുഴയിൽ രണ്ടുപേരും തൃശൂരിൽ രണ്ടുപേരും പാലക്കാട്ട് ഒരാളും കോഴിക്കോട്ട് 26 പേരും കാസർകോട്ട് രണ്ടുപേരും ചികിത്സതേടി. ഏഴുപേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
എച്ച്1എൻ1 ബാധിച്ച് മലപ്പുറം വണ്ടൂർ സ്വദേശി നാരായണൻ (55), പനി ബാധിച്ച് വയനാട് മേപ്പാടി സ്വദേശി അജിത്ത് (23), മെനിഞ്ചൈറ്റിസ് ബാധിച്ച് വയനാട് പൊഴുതന സ്വദേശി രാമു (73) എന്നിവരും മരിച്ചു.
ആരോഗ്യവകുപ്പിെൻറ അതിജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: ശനിയാഴ്ചമാത്രം സംസ്ഥാനത്ത് 40 പേര്‍ക്ക് എലിപ്പനി പിടിപെട്ടുവെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിെൻറ അതിജാഗ്രത നിര്‍ദേശം. സ്ഥിതി ഗുരുതരമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ശുചീകരണത്തിൽ പങ്കെടുക്കുന്നവരും ഡോക്സിസൈക്ലിന്‍ പ്രതിരോധ ഗുളിക നിർബന്ധമായി കഴിക്കണമെന്ന് നിർദേശം നൽകി.
ആഴ്ചയില്‍ ഒരുദിവസം 100 മി.ഗ്രാമിെൻറ രണ്ടുഗുളിക വീതം ആഹാരശേഷം കഴിക്കണം. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ കട്ടിയുള്ള കൈയുറയും കാലുറയും ധരിക്കണം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുശേഷം സോപ്പും ശുദ്ധജലവുമുപയോഗിച്ച കഴുകണം. മുറിവുണ്ടെങ്കില്‍ ആൻറിസെപ്റ്റിക് ലേപനങ്ങള്‍ പുരട്ടണം. മലിനജലത്തിൽ കൈകാലുകളോ മുഖമോ കഴുകരുത്. രോഗാരംഭത്തില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് അപകടത്തിലാകാമെന്ന് ആരോഗ്യവകുപ്പിെൻറ മുന്നറിയിപ്പില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.