എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.30 രൂപ നിരക്കില്‍ തന്നെ അരി നല്‍കും

തിരുവനന്തപുരം: ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് സുതാര്യവും കാര്യക്ഷമവുമായി നടപ്പാക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍. മുന്‍ഗണനാ പട്ടിക കുറ്റമറ്റരീതിയില്‍ തയാറാക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.30 നിരക്കില്‍ തന്നെ അരി നല്‍കുമെന്ന കേന്ദ്ര അറിയിപ്പ് ചൊവ്വാഴ്ച ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍െറ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അധികാരത്തിലേറി അഞ്ച് മാസമായിട്ടും സര്‍ക്കാര്‍ ചെയ്യേണ്ടതൊന്നും ചെയ്തില്ളെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ അനൂപ് ജേക്കബ് പറഞ്ഞു. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുന്നതിനെ ചൊല്ലി ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ പരസ്പരാരോപണങ്ങള്‍ ഉയര്‍ന്നു. മധ്യവര്‍ത്തികളായ മൊത്തക്കച്ചവടക്കാര്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത്  താമസിപ്പിച്ചതെന്ന് മന്ത്രി ആരോപിച്ചു. എന്നാല്‍ ആരോപണം തെളിയിക്കാന്‍ അനൂപ് ജേക്കബ് വെല്ലുവിളിച്ചു. ഭരണ-പ്രതിപക്ഷങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശം ഉന്നയിച്ചപ്പോഴും ബി.ജെ.പി അംഗമായ ഒ. രാജഗോപാല്‍ അതിനെ പ്രതിരോധിക്കാനും ശ്രമിച്ചില്ല. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും ഇറങ്ങിപ്പോയി. രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു.

കരട് മുന്‍ഗണനാ പട്ടികയുമായി ബന്ധപ്പെട്ട് 1,39000ല്‍പരം പരാതികളാണുള്ളത്. 15,000ത്തിലധികം കാര്‍ഡുടമകള്‍ റേഷന്‍ വേണ്ടെന്നറിയിച്ചു. അര്‍ഹതയില്ലാത്തവരെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കും. പരാതികള്‍ വെരിഫിക്കേഷന്‍ കമ്മിറ്റി പരിശോധിക്കും. 2012ലായിരുന്നു റേഷന്‍ കാര്‍ഡ് പുതുക്കേണ്ടിയിരുന്നത്. എന്നാല്‍, 2015 ജനുവരി ഒന്നിനാണ് യു.ഡി.എഫ് സര്‍ക്കാര്‍ പുതുക്കാനുള്ള ഫോറം തയാറാക്കിയത്. അന്നത്തെ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാകില്ലായിരുന്നു. പരിമിതമായ ദിവസത്തിനുള്ളില്‍ ചെയ്യാവുന്നത് മുഴുവന്‍ ഈ സര്‍ക്കാര്‍ ചെയ്തു. ആറ് മാസം സമയം കൂടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഓണത്തിന് ഭക്ഷ്യധാന്യം കേന്ദ്രം നിര്‍ത്തി. എ.പി.എല്‍ കാര്‍ഡുടമകള്‍ക്കുള്ള അരിക്കുള്ള സൗജന്യവിലയും നിര്‍ത്തി.

കേരളത്തിന്‍െറ വിഹിതം കുറഞ്ഞതിന് ഉത്തരവാദി യു.ഡി.എഫ് സര്‍ക്കാറാണ്. കെ.വി. തോമസ് പൈലറ്റ് ചെയ്ത ബില്ലില്‍ കേരളത്തിന്‍െറ ആവശ്യം നേടിയെടുക്കാനായില്ല. 14.25 ലക്ഷം മെട്രിക് ടണ്ണാണ് വിഹിതമായി നിശ്ചയിച്ചത്. മുമ്പ് മൂന്ന് വര്‍ഷത്തെ വിഹിതം 12.26 ലക്ഷം മെട്രിക് ടണ്ണാണ്. അതിന്‍െറ അടിസ്ഥാനത്തിലാണിത്. പ്രതിവര്‍ഷം 600-700 കോടിയാണ് നഷ്ടമായത്.

ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാത്തതിനാലാണ് മുന്‍ഗണനാപട്ടികാ തെറ്റ് തിരുത്തുന്നതിനുള്ള തിരക്ക് നിയന്ത്രിക്കാനാവാതെ പോയതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. പഞ്ചായത്ത്, വില്ളേജ് ഓഫിസുകളില്‍ പരാതി സ്വീകരിക്കുന്നില്ല. സര്‍ക്കാറിന്‍െറ പിടിപ്പുകേട് കാരണം പൊതുവിതരണ സമ്പ്രദായം അപ്പാടെ തകര്‍ന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരുഭാഗത്ത് ബി.ജെ.പി സര്‍ക്കാറിന്‍െറ ചിറ്റമ്മനയവും മറുഭാഗത്ത് സര്‍ക്കാറിന്‍െറ കാര്യക്ഷമത ഇല്ലായ്മയുമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    
News Summary - ration for apl card holders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.