സപ്ലൈകോ സബ്‌സിഡി വില്‍പന; സബ്സിഡി സാധനങ്ങൾക്ക് റേഷൻ കാർഡ് ബാർകോഡ് സ്കാനിങ് നിർബന്ധം

കൊച്ചി: സപ്ലൈകോ ഹൈപർമാർക്കറ്റുകളിലും പീപ്പിൾസ് ബസാറുകളിലും സബ്സിഡി സാധനങ്ങളുടെ ബില്ല് അടിക്കുമ്പോൾ റേഷൻ കാർഡ് നമ്പർ അടിക്കുന്നതിനുപകരം, ബാർകോഡ് സ്കാൻ ചെയ്തശേഷം കാർഡ് നമ്പർ അടിക്കാൻ നിർദേശം. ബുധനാഴ്ച മുതലാണ് ഈ പരിഷ്കാരം.

നമ്പർ എന്‍റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യത കുറക്കുന്നതിനാണിത്. ഇതിനായി റേഷൻ കാർഡോ അല്ലെങ്കിൽ മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിച്ച റേഷൻ കാർഡോ ഔട്ലെറ്റുകളിൽ ഹാജരാക്കണമെന്ന് സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്ജോഷി അറിയിച്ചു. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ റേഷൻ കാർഡ് നമ്പർ എന്‍റർ ചെയ്ത് സബ്സിഡി ദുരുപയോഗം സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ബാർകോഡ് സ്കാൻ സംവിധാനം ഏർപ്പെടുത്തുന്നത്.

സപ്ലൈകോ വിൽപനശാലകളിലൂടെ 13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കിൽ വിൽക്കുന്നത്. റേഷൻ കാർഡുകൾ പുസ്തകരൂപത്തിൽ മാത്രമായിരുന്ന സമയത്ത് സബ്സിഡി വിതരണം അതത് കാർഡുകളിൽ രേഖപ്പെടുത്തി നൽകിയിരുന്നു. ഇപ്പോൾ അനുവദിക്കുന്ന കാർഡുകൾ ലാമിനേറ്റ് ചെയ്തതായതിനാൽ അതിൽ രേഖപ്പെടുത്താൻ കഴിയില്ല. സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സൂപ്പർ സ്റ്റോറുകളിലും വരും ദിവസങ്ങളിൽ ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് സഞ്ജീബ് പട്ജോഷി പറഞ്ഞു.

Tags:    
News Summary - Ration card barcode scanning is mandatory for subsidized goods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.