പെരിന്തൽമണ്ണ: റേഷൻ ഇ-കെ.വൈ.സി മസ്റ്ററിങ്ങിൽ ഏറെ പിറകിലായിരുന്നുവെങ്കിലും ജില്ലയിൽ രണ്ടുദിവസം കൊണ്ട് കൂടുതൽ പേർ മസ്റ്ററിങ് പൂർത്തിയാക്കി. പി.എച്ച്.എച്ച് വിഭാഗത്തിൽ 53.33 ശതമാനവും (9,87524 പേർ) എ.എ.വൈ വിഭാഗത്തിൽ 60.33 ശതമാനവും (1,24,790 പേർ) ആണ് മസ്റ്ററിങ് നടത്തിയത്. മുൻഗണന വിഭാഗം റേഷൻ ഗുണഭോക്താക്കൾക്കുള്ള ഇ-കെ.വൈ.സി മസ്റ്ററിങ് നടക്കുന്നതിനാൽ എല്ലാ റേഷൻ കടകളും ഞായറാഴ്ച തുറന്നുപ്രവർത്തിക്കും.
എന്നാൽ, അന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. മുൻഗണന വിഭാഗത്തിലെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങളാണ് റേഷൻ കടകളിൽ നേരിട്ടെത്തി മസ്റ്ററിങ് ചെയ്യേണ്ടത്. ഒക്ടോബർ മൂന്നുമുതൽ എട്ടുവരെയാണ് ഇവർക്ക് മസ്റ്ററിങ്. അഞ്ചു വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളും നിർബന്ധമായും മസ്റ്ററിങ് ചെയ്യണം.
കിടപ്പു രോഗികൾ, റേഷൻ കടയിൽ നേരിട്ട് പോകാൻ സാധിക്കാത്ത തരത്തിൽ ശാരീരിക പ്രശ്നങ്ങൾ ഉള്ളവർ എന്നിവരുടെ മസ്റ്ററിങ് വീടുകളിൽ പോയി ചെയ്യും. റേഷൻ കാർഡിൽ വിദേശത്ത് ജോലി ചെയ്യുന്നവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ എൻ.ആർ.കെ സ്റ്റാറ്റസിലേക്ക് മാറ്റാനും മരണപ്പെട്ടവരുടെ പേരുകൾ അടിയന്തരമായി നീക്കാനും ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്നും സിവിൽ സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, റേഷൻ കടയിൽ മസ്റ്ററിങ്ങിന് എത്തുന്ന കുട്ടികളിൽ പകുതിയോളവും വിരലടയാളം പതിയാതെ മടങ്ങേണ്ട സ്ഥിതിയാണ്. പലവട്ടം ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നാണ് പരാതി. ഇത്തരം സംഭവങ്ങളിൽ കുട്ടികളുടെ ആധാർ കാർഡിന്റെ പകർപ്പ് വാങ്ങിവെക്കുകയാണ് ചെയ്യുന്നത്. ഇതിനായി റേഷൻ കടകളിൽ നോട്ടുപുസ്തകം വെച്ച് രേഖപ്പെടുത്താനാണ് നിർദേശം. കുട്ടികളുടെ ആധാർ സമയബന്ധിതമായി പുതുക്കാത്തതിനാലും ആധാർ രജിസ്ട്രേഷൻ സമയത്ത് വിരലടയാളം തെളിയാത്തതിനാലുമാണ് ഈ സ്ഥിതി. സർക്കാർ നിർദേശിച്ച സമയക്രമം കഴിയുമ്പോൾ മസ്റ്ററിങ് നടത്താതെ പോയ ഗുണഭോക്താക്കളുടെ കണക്ക് ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.