തിരുവനന്തപുരം: ഒ.ടി.പി വഴിയുള്ള റേഷൻ വിതരണം സംസ്ഥാനത്ത് പുനഃസ്ഥാപിച്ചു. റേഷൻ വിതരണത്തിനുള്ള എസ്.എം.എസുകൾക്കുള്ള നിയന്ത്രണം ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പിൻവലിച്ചതോടെയാണിത്.
ഇലട്രോണിക് പോയൻറ് ഓഫ് സെയിൽ (ഇ-പോസ്) യന്ത്രത്തിൽ ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നവർക്ക് റേഷൻ വാങ്ങാനുള്ള സംവിധാനമാണ് ഒ.ടി.പി. കൈവിരൽ പതിയാത്ത ഘട്ടത്തിൽ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ച കാർഡുടമയുടെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി സന്ദേശമെത്തും. ഈ നാലക്ക നമ്പർ മെഷീനിൽ രേഖപ്പെടുത്തുന്ന മുറക്ക് ഉപഭോക്താവിന് സാധനങ്ങൾ ലഭിക്കും.
ശാരീരിക അവശതകളെതുടർന്ന് കടകളിലെത്തുന്ന മുതിർന്ന അംഗങ്ങൾക്കും കൈവിരൽ രേഖകൾ പതിയാത്ത തൊഴിലാളികൾക്കുമാണ് ഈ സംവിധാനം ഏറെ പ്രയോജനപ്പെടുന്നത്. എന്നാൽ, വാണിജ്യാവശ്യം മുൻനിർത്തിയുള്ള എസ്.എം.എസുകൾക്ക് ട്രായ് നിയന്ത്രണമേർപ്പെടുത്തിയതോടെ ഒരാഴ്ചമുമ്പാണ് സംസ്ഥാനത്ത് ഒ.ടി.പി മുഖേനയുള്ള റേഷൻ വിതരണം നിലച്ചത്. തുടർന്ന് ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോമിൽ ഐ.ഡിയും കണ്ടൻറും സിവിൽ സപ്ലൈസ് വകുപ്പ് രജിസ്റ്റർ ചെയ്യുകയും ഇതിന് കഴിഞ്ഞദിവസം ട്രായി അംഗീകാരം നൽകിയതോടെയാണ് റേഷൻ വിതരണം സുഗമമായത്.
ഫെബ്രുവരിയിലെയും മാർച്ചിലെയും കിറ്റ് വിതരണം പുരോഗമിക്കുകയാണ്. ചെറുപയർ - 500 ഗ്രാം, ഉഴുന്ന് - 500 ഗ്രാം, തുവരപ്പരിപ്പ് - 250 ഗ്രാം, പഞ്ചസാര - 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളകുപൊടി അല്ലെങ്കിൽ മുളക് - 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ഉപ്പ് - 1 കിലോഗ്രാം എന്നിവയാണ് മാർച്ചിലെ കിറ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.