കോഴിക്കോട്: നാലുമാസത്തെ ബിൽതുക കുടിശ്ശികയായതിനെത്തുടർന്ന് വാതില്‍പ്പടി വിതരണക്കാർ വിതരണം നിർത്തി സമരത്തിലേക്ക് നീങ്ങിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും സ്തംഭനത്തിലേക്ക്. ജനുവരി ഒന്നുമുതലാണ് ഇത്തവണ സമരം ആരംഭിച്ചത്. വാതില്‍പ്പടി വിതരണം നിലച്ചതോടെ മിക്ക റേഷൻ കടകളിലും സ്റ്റോക്ക് കുറഞ്ഞുതുടങ്ങി. സമരം തുടർന്നാൽ ഈ മാസം അവസാനത്തോടെ സംസ്ഥാനത്തെ റേഷൻ വിതരണം പൂർണമായും നിലക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. മലബാറിലെ ഏതാനും താലൂക്കുകളിലും എറണാകുളം തിരുവനന്തപുരം മേഖലകളിലും അടുത്ത ആഴ്ചയോടെത്തന്നെ റേഷൻ ക്ഷാമം തുടങ്ങുമെന്നും വ്യാപാരികൾ പറയുന്നു.
വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ 100 കോടി രൂപ സർക്കാറിൽനിന്ന് തങ്ങൾക്ക് ലഭിക്കാനുണ്ടെന്ന് കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ ട്രഷറർ ഗോപാലകൃഷ്ണൻ അറിയിച്ചു. മാത്രമല്ല, ഓഡിറ്റ് ബാലൻസ് ഇനത്തിൽ 12 കോടിയും കുടിശ്ശികയുണ്ട്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞാണ് സർക്കാർ വാതിൽപ്പടി വിതരണക്കാർക്കുള്ള ബിൽ തടഞ്ഞുവെച്ചിരിക്കുന്നത്.
എന്നാൽ, ലോറി ഉടമകൾക്കുള്ള വാടകയും തൊഴിലാളികൾക്ക് വേതന ഇനത്തിൽ ക്ഷേമനിധിയിലേക്ക് അടക്കേണ്ട തുകയും അടക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ് തങ്ങളെന്നും വിതരണക്കാർ പറയുന്നു. ഒരു ക്വിന്റൽ അരി കയറ്റുന്നതിന് 18 രൂപയും ഇറക്കുന്നതിന് 12 രൂപയും തൊഴിലാളികൾക്കുള്ള വേതനമായി കരാറുകാർ ക്ഷേമനിധി ബോർഡിൽ അടക്കണം. നിശ്ചിത തീയതിക്കകം ഇത് അടച്ചില്ലെങ്കിൽ 25 ശതമാനം വിതരണക്കാർക്കുമേൽ പിഴ ഈടാക്കും. ഇത് അടച്ചില്ലെങ്കിൽ ജപ്തി നടപടിവരെ നേരിടേണ്ടിവരുകയാണ് വിതരണക്കാർ. ജപ്തി നടപടിക്കെതിരെ സ്റ്റേ വാങ്ങിയാണ് വിതരണക്കാർ മുന്നോട്ടുനീങ്ങുന്നത്. സർക്കാർ പണം അനുവദിക്കാത്ത കാര്യം പരിഗണിക്കാതെയാണ് സർക്കാറിന്റെത്തന്നെ ഭാഗമായ ക്ഷേമനിധി ബോർഡ് തങ്ങളെ ക്രൂശിക്കുന്നതെന്നും അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.