റേഷന്‍ വിതരണം സാധാരണനിലയില്‍; അരിവില ഇടിഞ്ഞു തുടങ്ങി

കൊച്ചി: വരള്‍ച്ചയില്‍ അരിവില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന പ്രവചനങ്ങള്‍ തെറ്റിച്ച് സംസ്ഥാനത്ത് ഇടിഞ്ഞുതുടങ്ങി. താളം തെറ്റിയ റേഷന്‍ വിതരണം സാധാരണനിലയിലായതോടെയാണ് അരിവില കുറഞ്ഞത്. പശ്ചിമ ബംഗാളില്‍നിന്ന് എത്തിച്ച അരിയും വിലയിടിവിന് ഒരുപരിധിവരെ കാരണമായി.
മലയാളികള്‍ക്ക് ഏറെ പ്രിയമുള്ള ജയ, സുരേഖ ഇനങ്ങളുടെ വില ഫെബ്രുവരി അവസാനം കുത്തനെ വര്‍ധിച്ചിരുന്നു. ജയ അരി കിലോക്ക് 50രൂപയും സുരേഖക്ക് 45രൂപവരെയുമൊക്കെ ഉയര്‍ന്നിരുന്നു. ഈയിനങ്ങള്‍ക്ക് കഴിഞ്ഞദിവസം അഞ്ചുരൂപയുടെ വരെ കുറവാണുണ്ടായത്. നവംബര്‍ മുതല്‍ റേഷന്‍ വിതരണം താളം തെറ്റിയിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ റേഷന്‍ വിഹിതം ജനുവരി അവസാനമായിട്ടും കടകളില്‍ എത്തിയിരുന്നില്ല.

വരള്‍ച്ചയുടെപേരില്‍ ആന്ധ്രയില്‍നിന്നുള്ള ജയ അരിയുടെ വരവ് കുറയുകയും ചെയ്തു. അരി പ്രശ്നം നിയമസഭയിലടക്കം കത്തുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ സര്‍ക്കാര്‍ വിലകുറക്കല്‍ നടപടികളുമായി രംഗത്തിറങ്ങി. സപൈ്ളകോയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അരിക്കടകള്‍ തുടങ്ങി. കൂടാതെ, പശ്ചിമബംഗാളില്‍നിന്ന് അരി കൊണ്ടുവരുന്നതിന് ഉദ്യോഗസ്ഥസംഘത്തെ അയച്ചു. ആദ്യഘട്ടമായി 5000 ടണ്‍ അരി എത്തിക്കുകയും ചെയ്തു. ഇത് സപൈ്ളകോ, കണ്‍സ്യൂമര്‍ഫെഡ് വില്‍പനശാലകള്‍ വഴിയാണ് വിതരണം ചെയ്യുക. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം പ്രതിസന്ധിയുണ്ടായപ്പോള്‍ കൊണ്ടുവന്ന ബംഗാള്‍ അരി മലയാളികള്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ കൊണ്ടുവന്നത് ജയ അരിയുമായി സാമ്യമുള്ളതാണെന്നും അതിനാല്‍ നല്ലനിലക്ക് വിറ്റുപോകുന്നുണ്ടെന്നും കണ്‍സ്യൂമര്‍ഫെഡ് വൃത്തങ്ങള്‍ പറഞ്ഞു.

മിക്ക ജില്ലകളിലും റേഷന്‍ വിതരണം സാധാരണനിലയിലായിട്ടുമുണ്ട്. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡൊന്നിന് 28കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായും  മുന്‍ഗണനവിഭാഗത്തില്‍പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തിന് രണ്ടുരൂപ നിരക്കില്‍ ഓരോ അംഗത്തിനും രണ്ടുകിലോ വീതം അരിയും  മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിന് ആറുകിലോ ഭക്ഷ്യധാന്യവും വിതരണത്തിന് തയാറായിട്ടുണ്ട്. മാര്‍ച്ചിലെ റേഷന്‍ സാധനങ്ങള്‍ കടയിലത്തെിച്ചതായി സിവില്‍ സപൈ്ളസ് വൃത്തങ്ങളും പറയുന്നു.

ചൊവ്വാഴ്ച റേഷന്‍ വ്യാപാരി പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി റേഷന്‍ സാധനങ്ങള്‍ ഗോഡൗണില്‍നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് കടകളില്‍ എത്തിച്ചുകൊടുക്കണം.  ഇതിന്‍െറ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്ത് നിര്‍വഹിക്കും. ഇതിന് മുന്നോടിയായാണ് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ റേഷന്‍ വ്യാപാരി പ്രതിനിധികളുടെ യോഗം വിളിച്ചത്. ആദ്യ ഘട്ടമായി മാര്‍ച്ചില്‍ കൊല്ലം ജില്ലയിലെ കടകളില്‍ നേരിട്ട് എത്തിക്കും. ജൂണോടെ സംസ്ഥാനത്തെ 14419 റേഷന്‍ കടകളിലും സാധനങ്ങള്‍ നേരിട്ട് എത്തിക്കാമെന്നാണ് വാഗ്ദാനം. അതോടെ റേഷന്‍ വിതരണം കുറെക്കൂടി എളുപ്പമാകുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - RATION SUPPLY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.