തൃശൂർ: അഗളി ചിണ്ടക്കി ഊരിലെ മധുവിനെ ആൾക്കൂട്ടം മർദിച്ചുകൊന്ന കേസിൽ രണ്ട് വർഷത്തിന് ശേഷം പുനരന്വേഷണം. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് ചുമതല. മണ്ണാർക്കാട് എസ്.സി. എസ്.ടി കോടതിയിലുള്ള കേസിെൻറ തുടർനടപടി നിർത്തിവെച്ചാണ് അവ്യക്തത നീക്കാൻ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
എന്നാൽ, പുനരന്വേഷണമല്ല, കേസിൽ പറയുന്ന സ്ഥലങ്ങൾ സംബന്ധിച്ച അവ്യക്തത നീക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടതനുസരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ശശികുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. കോവിഡ് നിയന്ത്രണമുള്ളതിനാൽ അന്വേഷണം അധികം മുന്നോട്ട് നീങ്ങിയിട്ടില്ലെന്നും അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് ചിണ്ടക്കി ഊരിലെ മധുവിനെ (27) ആള്‍ക്കൂട്ടം മോഷണമാരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഗളി ഡിവൈ.എസ്.പി മണ്ണാര്‍ക്കാട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. അന്വേഷണത്തിൽ അഗളി പൊലീസ് വീഴ്ച വരുത്തിയതായി ആരോപണമുയർന്നിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. പിന്നീടാണ് എസ്.സി.എസ്.ടി, ഫോറസ്റ്റ് ആക്ട് വകുപ്പുകൾ ചേർത്തത്.
മലപ്പുറം തിരൂർക്കാട് സ്വദേശി അനിൽ ചന്ദ്രത്തിൽ നൽകിയ വിവരാവകാശ അപേക്ഷയിലാണ് പുനരന്വേഷണത്തിന് പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ ഏൽപ്പിച്ചതായും മറ്റ് വിവരങ്ങൾ നൽകാനാവില്ലെന്നും അഗളി ഡിവൈ.എസ്.പി ഓഫിസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ മറുപടി നൽകിയത്. 2018 മാർച്ച് അഞ്ചിന് കേസ് വിവരങ്ങൾ അന്വേഷിച്ച അനിലിന് തുടർച്ചയായി മറുപടി നിഷേധിക്കുകയായിരുന്നു.
ഒടുവിൽ 2019 ആഗസ്റ്റിൽ സംസ്ഥാന വിവരാവകാശ കമീഷൻ അഗളി ഡിവൈ.എസ്.പിയോട് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. തുടർന്നാണ് പുനരന്വേഷണത്തിലാണെന്ന ഒറ്റവരി മറുപടി ലഭിച്ചത്. കമീഷൻ ഉത്തരവിട്ടിട്ടും വിവരങ്ങൾ മറച്ചുവെക്കുന്നത് പൊലീസിെൻറ വീഴ്ച മറയ്ക്കാനാണെന്നും ഹൈകോടതിയെ സമീപിക്കുമെന്നും അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.