തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന അഴിച്ചുപണിയുന്നതാണ് വിദഗ്ദസമിതി റിപ്പോർട്ട്. സ്പെഷൽ റൂൾ വരുന്ന മുറക്ക് ഹയർ സെക്കൻഡറികളിലെ ജൂനിയർ അധ്യാപകർ സെക്കൻഡറി അധ്യാപകരായി മാറും. ഇവർ സെക്കൻഡറി അധ്യാപകരാകുന്ന ദിവസം മുതലുള്ള സർവിസ് സീനിയോറിറ്റി പ്രിൻസിപ്പൽ അടക്കം തസ്തികകളിലേക്ക് പ്രമോഷൻ ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കണം.
എട്ട് വർഷം സർവിസുള്ള ജൂനിയർ അധ്യാപകർ സെക്കൻഡറി സ്കൂൾ ഗ്രേഡ് ഒന്നായിരിക്കും. ഇത് വി.എച്ച്.എസ്.ഇ ജൂനിയർ അധ്യാപകർക്കും ബാധകം. ഹയർ സെക്കൻഡറി സീനിയർ അധ്യാപകർ റിട്ടയർ ചെയ്തോ മറ്റ് വിധത്തിലോ വരുന്ന ഒഴിവുകളിലേക്ക് ജൂനിയർ അധ്യാപകർക്ക് സീനിയോറിറ്റി പ്രകാരം ലഭിക്കുന്ന സ്ഥാനക്കയറ്റം തുടർന്നും ലഭിക്കും. ഹയർ സെക്കൻഡറി ജൂനിയർ അധ്യാപകരുടെ ശമ്പള സ്കെയിലായിരിക്കും സെക്കൻഡറി അധ്യാപകർക്കും അനുവദിക്കുക.
നിലവിൽ ഹൈസ്കൂൾ അധ്യാപകരിൽ സെക്കൻഡറി അധ്യാപകരാകാൻ യോഗ്യതയുള്ളവർ (പി.ജി യോഗ്യത) ഉണ്ടെങ്കിൽ അവരെ സെക്കൻഡറി ടീച്ചർ ഡീംഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തും. ഇവരെ സ്പെഷൽ റൂൾ നിലവിൽ വന്നശേഷം വരുന്ന സെക്കൻഡറി അധ്യാപക ഒഴിവുകളിലേക്ക് പരിഗണിക്കും.
എട്ട്-12 വരെ അധ്യാപക യോഗ്യത പി.ജിയാക്കുമ്പോൾ സർവിസിലുള്ള ഹൈസ്കൂൾ അധ്യാപകരുടെ സ്ഥാനക്കയറ്റം തടസ്സപ്പെടാതിരിക്കാൻ ഇവരുടെ ഉയർന്ന പ്രമോഷൻ തസ്തികയെന്ന നിലയിൽ ഡി.ജി.ഇ ഓഫിസിലെ എട്ട് ജെ.ഡി.ജി.ഇ തസ്തികയിൽ ഒന്ന് ജോയൻറ് ഡി.ജി.ഇ-പ്രൈമറി/പ്രീ പ്രൈമറി എന്നാക്കി മാറ്റിവെക്കും. സംസ്കൃതം, അറബിക്, ഉറുദു ഭാഷകൾക്കുള്ള സ്പെഷൽ ഓഫിസർ തസ്തിക തുടരും. വൊക്കേഷനൽ അധ്യാപകരെ വാനിഷിങ് (ഇല്ലാതാകുന്ന) വിഭാഗത്തിലാണ് ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.