കിർത്താഡ്സ് നടത്തിയ ആദിവാസി ദ്രോഹത്തിനെതിരെ റബേക്ക

കോഴിക്കോട് : കിർത്താഡ്സും റവന്യൂവകുപ്പും നടത്തിയ ആദിവാസി ദ്രോഹത്തിനെതിരെ പണിയ വിഭാഗത്തിലെ വിദ്യാർഥി റബേക്ക ശോശാമ്മ മത്തായി. സോഷ്യോളജിയിൽ നെറ്റ് പരീക്ഷ പാസായി അസിസ്റ്റൻറ് പ്രഫസർ ആകാനുള്ള യോഗ്യത നേടിയ വിദ്യാർഥിയാണ് റബേക്ക. വയനാട്ടിലെ ബത്തേരി, നെന്മേനിയിൽ പണിയ സമുദായത്തിൽ ജനിച്ച് വളർന്ന് ജാതി പീഡനങ്ങൾ ഏറ്റുവാങ്ങിയ തനിക്ക് ജാതി സർട്ടിഫിക്കറ്റ് കിർത്താഡ്സ് നിഷേധിച്ചുവെന്നാണ് റബേക്കയുടെ ആരോപണം.

കേസ് ഇപ്പോഴും ഹൈ കോടതിയിലാണെന്നും റബേക്ക മാധ്യമം ഓൺലൈനോട് പറഞ്ഞു. മലവയൽ ഗോവിന്ദമൂലയിലെ വായനശാലയുടെ സെക്രട്ടറിയാണ് റബേക്ക. ക്രൈസ്തവ ഓർത്തഡോക്സ് വിഭാഗത്തിൽ ജനിച്ച അച്ഛൻ വയനാട്ടിൽ പണിക്ക് വന്നപ്പോഴാണ് പണിയവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയ വിവാഹം കഴിച്ചത്. അതിന് ശേഷം അച്ഛന് മെഡിക്കൽ കോളജിൽ ചെറിയ ജോലി കിട്ടി. അച്ഛന്റെ കുടുംബവുമായി ഇപ്പോഴും ബന്ധമില്ല. അമ്മയുടെ ബന്ധുക്കൾക്കൊപ്പം പണിയ വിഭാഗത്തിലാണ് ജീവിക്കുന്നത്.

സ്കൂൾ ജീവിതകാലത്ത് ആദിവാസിയെന്ന പേരിൽ അവഹേളനങ്ങൾ നേരിടേണ്ടിവന്നു. ഇപ്പോഴും അത് തുടരുകയാണ്. സ്കൂൾ വിദ്യഭ്യാസം പോലുമില്ലാത്ത പണിയ യുവതിയുടെ മകൾ. നീതി നിഷേധിച്ച് തന്റെ ഭാവി ദുരിതത്തിലാക്കിയ കിർത്താഡ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് ഫേസ് ബുക്കിൽ കുറിച്ചത്. അഹങ്കാരം കൊണ്ടല്ല, അഭിമാനംകൊണ്ട് എഴുതുകയാണെന്ന അവർ പറയുന്നു.

പത്താം ക്ലാസിൽൽ ഒമ്പത് എ+ ഒരു എ ഗ്രേഡും നേടി. ഉന്നത പഠനത്തിന് പോകാൻ ജാതി സർട്ടിഫിക്കറ്റ് പുതുക്കാൻ ചെന്നപ്പോൾ ആദിവാസികുട്ടിക്ക് ഇത്രയും മാർക്കോ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. അച്ഛൻ ഉന്നതജാതി ആണെങ്കിൽ സർട്ടിഫിക്കറ്റ് തരാൻ പറ്റില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെയും തഹസിൽദാരുടെയും വാദം. അവർ കിർത്താഡ്സ് എന്ന സ്ഥാപനത്തെ അന്വേഷിക്കാൻ ഏല്പിച്ചു.

കിർത്താഡ്സ് അന്വേഷണവും റിപ്പോർട്ട് എഴുതലിനും എല്ലാംകൂടി എടുത്തത് നാലഞ്ച് വർഷങ്ങൾ. ഈ കാലയളവിൽ റബേക്ക ഡിഗ്രിക്ക് ചേർന്നു. ഇവിടുത്തെ സ്ഥാപനങ്ങൾ ആദിവാസി സമൂഹത്തോട് കാണിക്കുന്ന മെല്ലെപ്പോക്ക് സമീപനവും അവഗണനയും നീതി നിഷേധവും തുടർന്നു.

കിർത്താഡ്സ് സമർപ്പിച്ച റിപ്പോർട്ടിലെ ഒരു വരി റബേക്ക പണിയ വിഭാഗത്തിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുവെന്നാണ്. അത് അവരെ മാനസികമായി തളർത്തി. സ്വന്തം സ്വത്വബോധത്തെയാണ് ഈ പ്രസ്താവന ചോദ്യം ചെയ്യുന്നതെന്ന അവർ പറയുന്നു. നാളിതുവരെ അമ്മയുടെ വീട്ടുകാരുമായി മാത്രം സഹവസിച്ച് കഴിയുന്ന റബേക്ക സ്വന്തം സമുദായത്തിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നു എന്ന് പറയാൻ കിർത്താഡ്സിലെ ഉദ്യോഗസ്ഥർക്ക് ഉളുപ്പില്ലേയെന്നാണ് അവരുടെ ചോദ്യം.

ജനിച്ചത് മുതൽ ശീലിക്കാത്ത പിതാവിൻ്റെ ഉന്നതജാതി കിർത്താഡ്സ് എന്ന സ്ഥാപനത്തിൻ്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈകോടതി റബേക്കയുടെ തലയിൽ അടിച്ചേൽപ്പിച്ചു. ജാതീയമായി എല്ലാ വേർതിരിവുകളും അവഗണനകളും പിന്നോക്കാവസ്ഥയും ഒന്നാം ക്ലാസ് മുതൽ അനുഭവിച്ച റബേക്കയെ ജനറൽ വിഭാഗമാക്കി. കിർത്താഡ്സ് പണിയ കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷയായ തൻെറ ഭാവിയും അനിശ്ചിതത്വത്തിൽ ആക്കി.

ജനിച്ചതും വളർന്നതും സ്വത്വവും രൂപപ്പെട്ടതും അമ്മയോടും പണിയസമുദായത്തിലെ മറ്റ് ബന്ധുക്കളോടും ചേർന്നാണ്. റബേക്കയുടെ വളർച്ചയിൽ ഒരിടത്ത്പോലും പിതാവിൻ്റെ ഉന്നതകുല ബന്ധുക്കളുടെ യാതൊരു വിധ ഇടപെടലും ഉണ്ടായിട്ടില്ല. ഒഅതിന് തെളിവുകൾ നിരത്തിയിട്ടും കിർത്താഡ്സ് നീതി നിഷേധിച്ചു.

ബിരുദാനന്തരബിരുദത്തിന് അർഹതപ്പെട്ട പണിയ സർട്ടിഫിക്കറ്റ് ഉണ്ടാവുമായിരുന്നെങ്കിൽ ജെ.എൻ.യു, ഹൈദരാബാദ് ഡൽഹി യൂനിവേഴ്സിറ്റികളിലും ഉറപ്പായും പ്രവേശനം ലഭിക്കുമായിരുന്നു. കേവലം മൂന്നോ നാലോ മാർക്കിന് ആണ് അത് നഷ്ടമായത്. 'മോൾക്ക് നല്ല കഴിവുണ്ടല്ലോ, ഈ ജാതിയും ജാതി സർട്ടിഫിക്കറ്റ് ഒന്നും ഇല്ലാതെ തന്നെ നേടാമല്ലോ' എന്ന് ഭംഗി വാക്കുകൊണ്ട് വരുന്നവരോട് ആരുടെയും ഔദാര്യമല്ല തന്റെ അവകാശമാണ് ചോദിക്കുന്നതെന്ന് റബേക്ക പറയുന്നു.

ജാതി സർട്ടിഫിക്കറ്റ് ഇല്ലാതെയും വിജയിക്കും. പക്ഷേ തന്റെ സ്വത്വം, തനിക്ക് അർഹതപ്പെട്ടത് തട്ടിയെടുക്കാൻ ഇവിടുത്തെ പുരുഷാധിപത്യ ബ്രാഹ്മണ്യ വ്യവസ്ഥിതിയെ അനുവദിക്കാൻ ആവില്ല. എന്റെ അമ്മയുടെ പേരിൽ അറിയപ്പെടാൻ ആണ് അഗ്രഹമെങ്കിൽ അതിന് അനുവദിക്കുന്നില്ലെങ്കിൽ മാതൃത്വത്തിന് എന്ത് വിലയാണുള്ളതെന്ന് റബേക്ക ചോദിക്കുന്നു.

ഹൈകോടതിയിൽ നിന്ന് നീതി കിട്ടും വരെ പോരാടാൻ തന്നെയാണ് റബേക്കയുടെ തീരുമാനം. എത്ര നിരാകരിക്കാൻ ശ്രമിച്ചാലും ഉള്ളിലെ സ്വത്വബോധം എടുത്ത് മാറ്റാൻ നിങ്ങൾക്ക് സാധിക്കുമോ റവന്യൂ വകുപ്പേ, കിർത്താഡ്സ് ഉദ്യോഗസ്ഥരെ എന്നാണ് റബേക്ക ചോദിക്കുന്നത്.

നിങ്ങൾ എത്രത്തോളം നീതിനിഷേധിച്ചാലും ഇനിയും പഠിക്കും നേടും, തനിക്ക് വേണ്ടി മാത്രമല്ല ഒരുപാട് അവഹേളനങ്ങൾ നേരിട്ട തന്റെ അമ്മക്ക് വേണ്ടി, അമ്മയെ വിവാഹം ചെയ്ത് സ്വന്തം വീട്ടിൽനിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന തൻ്റെ പപ്പക്ക് വേണ്ടി, ഇന്നും സമൂഹത്തിൻ്റെ ആട്ടും തുപ്പുംകൊണ്ട് പിന്തള്ളപ്പെട്ട് പോയ തന്റെ സമുദായത്തിന് വേണ്ടി...എന്നിങ്ങനെയാണ് റബേക്കയുടെ കുറിപ്പ് അവസാനിക്കുന്നത്. 

Tags:    
News Summary - Rebecca against tribal abuse by Kirthads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.