തിരുവനന്തപുരം: വൻകിട മദ്യക്കമ്പനികളുടെ 'നികുതി തട്ടിപ്പിനും' ഏകാധിപത്യത്തിനും തടയിടാൻ മദ്യവിൽപനയിൽ സമഗ്ര പൊളിച്ചെഴുത്തിന് ബിവറേജസ് കോർപറേഷൻ (ബെവ്കോ) എം.ഡി ശ്യാം സുന്ദറിെൻറ ശിപാർശ. എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് സമർപ്പിച്ച ശിപാർശ സർക്കാറിെൻറ തീരുമാനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
വർഷങ്ങളായി സർക്കാർ ഖജനാവിൽ എത്തേണ്ടിയിരുന്ന വൻതുക വൻകിട മദ്യക്കമ്പനികൾ തട്ടിവരികയാണെന്നും അതിന് തടയിടുകയെന്നതുമാണ് ലക്ഷ്യം.മദ്യക്കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ ജീവനക്കാർ ഒത്തുകളിക്കുന്നെന്ന ആക്ഷേപത്തിന് തടയിടാനുള്ള നിർദേശങ്ങളുണ്ട്. ജനപ്രിയ ബ്രാൻഡുകൾ പൂഴ്ത്തിവെക്കരുത്. വർഷങ്ങളായി മദ്യവിതരണം ചെയ്യുന്ന കമ്പനികൾക്ക് വലിയ ആനുകൂല്യങ്ങൾ നൽകുന്നു. കൂടുതൽ വിൽപന നടത്തുന്ന മദ്യക്കമ്പനികളിൽ നിന്നും കുറഞ്ഞ ലാഭവിഹിതം മാത്രം ഈടാക്കുകയും പുതുതായി വരുന്ന കമ്പനികളിൽ നിന്നും വൻതുക വാങ്ങുകയും ചെയ്യുന്ന രീതി മാറ്റണം. സംസ്ഥാനത്തെ മദ്യവിൽപനയുടെ 90 ശതമാനവും കൈയടക്കിയിരിക്കുന്നത് 15 കമ്പനികളാണ്. അവർക്ക് മാത്രം കുത്തകാവകാശം ലഭിക്കുന്ന രീതിയും മാറ്റണം. മദ്യക്കമ്പനികളുമായി വർഷങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ നിലവിൽ മദ്യം വാങ്ങുന്നത്. ഈ ഫോർമുലയിലൂടെ ബെവ്കോക്ക് നഷ്ടം മാത്രമാണ്.
വെയർ ഹൗസിെൻറ 90 ശതമാനവും കുത്തക കമ്പനികളുടെ പക്കലാണ്. എന്നാൽ, ഈ കമ്പനികളുടെ മദ്യവിൽപന വഴി ഏഴ് ശതമാനം ലാഭവിഹിതം മാത്രമാണ് ലഭിക്കുന്നത്. പുതിയ ബ്രാൻറുമായി മറ്റൊരു കമ്പനിയെത്തിയാൽ മദ്യവിൽപനയിൽ ലഭിക്കുന്നതിെൻറ 21 ശതമാനം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, സർക്കാറിന് കൂടുതൽ ലാഭം നൽകുന്ന കമ്പനികള്‍ക്ക് വെയർഹൗസിൽ സ്ഥലവും നൽകുന്നില്ല. ഔട്ട്ലെറ്റുകളിൽ പ്രോത്സാഹനവുമില്ല. ഈ അവസ്ഥ മറ്റി എല്ലാ കമ്പനികള്‍ക്കുമായി പ്രത്യേക സ്ലാബുകൾ അനുവദിക്കണമെന്നാണ് ശിപാർശ.
സ്ലാബ് സംവിധാന പ്രകാരം 10000 കെയ്സ് വരെ മദ്യം വിൽക്കുന്ന കമ്പനി പത്ത് ശതമാനം ലാഭവിഹിതം നൽകണം. 10000 കെയ്സിന് മുകളിൽ വിറ്റാൽ 20 ശതമാനം ലാഭവിഹിതമെന്നാണ് പുതിയ നിർദേശം. 10,000 കെയ്സ് വരെ ബിയർ വിൽക്കുന്ന കമ്പനി പത്ത് ശതമാനവും ഒരു ലക്ഷത്തിന് മുകളിൽ വിൽപനയുള്ള കമ്പനി 30 ശതമാനവും നൽകണം. ഇതുവഴി പ്രതിവർഷം 200 കോടി അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.