1999 ലെ നിയമം നിലവിൽ വന്നിട്ടും ആദിവാസി ഭൂമി നിയമവിരുദ്ധമായി കൈമാറിയെന്ന് രേഖകൾ

കോഴിക്കോട്: 1999ലെ പട്ടിക വർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമം പ്രാബല്യത്തിൽ വന്നിട്ടും അട്ടപ്പാടിയിൽ ആദിവാസി ഭൂമി നിയമവിരുദ്ധമായി കൈമാറ്റം നടത്തിയെന്ന് രേഖകൾ. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ നിയമലംഘനം അട്ടപ്പാടിയിൽ അരങ്ങേറുന്നത്. അഗളി വില്ലേജിലെ 4.60 ഏക്കർ ഭൂമി അന്യാധീനപ്പെട്ടുവെന്നും അത് തിരിച്ച് കിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പട്ടിക വർഗ വിഭാഗത്തിലെ ലക്ഷ്മണൻ നൽകിയ പരാതിയെ തുടർന്നുണ്ടായ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഈ കേസിൽ(ടി.എൽ.എ 975/87) ഇരുകക്ഷികളെ വിചാരണ നടത്തി അഗളി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഗളി വില്ലേജിലെ സർവേ നമ്പർ 266 ലെ 4.60 ഏക്കർ അപേക്ഷകനായ ലക്ഷ്മണന് തിരിച്ചു നൽകാൻ 1995 ഒക്ടോബർ 12 ന് ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവിട്ടു. ഭൂമി കൈവശം വെച്ചിരുന്ന മാത്യു, സുന്ദർ, ഗഫൂർ കൊറവൻ കണ്ടി, ലോനപ്പൻ എന്നിവരോട് ഭൂമി തിരിച്ചു നൽകണമെന്നാണ് ഉത്തരവിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ഉത്തരവ് റവന്യൂ വകുപ്പ് നടപ്പായില്ല.

പിന്നീട് 1999 ലെ നിയമം നിയവിൽ വന്നു. നിയമം 1986 ജനുവരി 24ന് മുതൽക്ക് പ്രാബല്യത്തിലായി. പട്ടിക വർഗ വിഭാഗത്തിൽ നിന്നും പട്ടിക വർഗക്കാരല്ലാത്തവർക്കുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ഈ നിയമം പ്രബല്യത്തിൽ വന്ന അന്ന് മുതൽ അസാധുവാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം ആർ.ഡി.ഒ കേസ് പുനപരിശോധിച്ചു. കക്ഷികളെ വിചാരണ നടത്തി നേരിൽ കേൾക്കുകയും ചെയ്തു.

കക്ഷികൾ ഹാജരാക്കിയ ആധാരങ്ങൾ പരിശോധിച്ചതിൽ 1986 ജനുവരി 24 ന് മുമ്പ് രണ്ട് ഹെക്ടറിൽ താഴെ വിസ്തീർണമുള്ള ഭൂമി അപേക്ഷകനായ ലക്ഷ്മണനിൽനിന്ന് തീറ് വാങ്ങിയ കൈവശക്കാരായ രവിന്ദ്രൻ (തുടർന്ന് ജോൺസൺ), അബ്ദുൾ ഗഫൂർ, ദേവരാജ്, കുമാരദാസ് എന്നിവർക്ക് 1999 ലെ നിയമത്തിലെ വകുപ്പ് അഞ്ച് (രണ്ട്) പ്രകാരം ഭൂമി നില നിർത്തുവാൻ അനുവാദം നൽകി.

എന്നാൽ മാത്യൂ, അന്നമ്മ എന്നിവരുടെ കൈമാറ്റങ്ങളും തുടർന്ന് സുന്ദരന് നടത്തിയ കൈമാറ്റവും 1999 ലെ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷമായതിനാൽ അത് അസാധുവാണ്. അതിനാൽ ഈ ഭൂമി ആദിവാസിയായ ലക്ഷ്മണന് തിരിച്ചു നൽകണമെന്ന് 2010 ജൂൺ 30 ന് ഒറ്റപ്പാലം ആർ.ഡി.ഒ ഉത്തരവായത്. ഈ ഉത്തരവിനെതിരെ മാത്യുവും അന്നമ്മയും അപ്പീൽ നൽകി. ഇരു കക്ഷികൾക്കും നോട്ടീസ് നൽകി വിചാരണ നടത്തി. ആദിവാസിയായ ലക്ഷ്മണന്റെ ഭാര്യ ചെല്ലി, മകൾ വല്ലി എന്നിവർ ഹാജരായി മൊഴി നൽകി. ലക്ഷ്മണൻ പാട്ടത്തിനാണ് ഭൂമി പാട്ടത്തിന് നൽകിയതാണെന്നും പിന്നീട് ആധാര കൈമാറ്റത്തിലൂടെ സ്ഥലം നഷ്ടമായെന്നും അവർ പറഞ്ഞു. 1986 മുതൽ സ്ഥലം എതിർകക്ഷികളുടെ കൈവശത്തിലാണെന്നും ബാക്കി വരുന്ന സ്ഥലത്തിലാണ് താമസിക്കുന്നതെന്നും ഭൂമി തിരികെ ലഭിക്കണമെന്നും മൊഴി നൽകി. അപ്പീൽ വാദിയായ മാത്യു, അന്നമ്മ എന്നിവർക്ക് വേണ്ടി മകൻ റോയി ഹാജരായി.

1986 ലാണ് ഭൂമി വാങ്ങിയതെന്നും ഈ ഭൂമിയിൽ നിലവിൽ ഹോളോ ബ്രിക്‌സ് ഉണ്ടാക്കുന്ന ഫാക്ടറി ഉണ്ടെന്നും 1999 ലെ പട്ടിക വർഗ ഭൂനിയമത്തിലെ വകുപ്പ് രണ്ട്, ആറ് പ്രകാരം ഒറ്റപ്പാലം ആർ.ഡി.ഒ യുടെ ഉത്തരവ് സാധുവല്ലെന്നും അവർ വാദിച്ചു. രേഖകൾ പരിശോധിച്ചതിൽ 1986 മാർച്ച് 31നാണ് ലക്ഷ്‌മണൻ ഭൂമി മാത്യൂവിന് തീറ് നൽകിയത്. പിന്നീട് മാത്യൂ കുറച്ച് ഭൂമി സുന്ദരന് തീറ് നൽകി. ലക്‌ഷ്മണൻ 1986 മാർച്ച് 31ന് ഭൂമി അന്നമ്മക്ക് തീറ് നൽകി.

മാത്യൂവിനും അന്നമ്മക്കും ഭൂമി കൈമാറ്റം നടത്തിയിരിക്കുന്നത് 1999 ലെ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമാണ്. അതിനാൽ നിയമ പ്രകാരം ഈ കൈമാറ്റങ്ങൾ സാധുവല്ല. അതിനാൽ മാത്യൂ, അന്നമ്മ എന്നിവരുടെ അപ്പീൽ അപേക്ഷ നിരസിച്ചു. ഒറ്റപ്പാലം ആർ.ഡി.ഒയുടെ ഉത്തരവ് കലക്ടർ ഡോ. എസ് ചിത്ര ശരിവെച്ചു. ഈ ഉത്തരവ് ആര് നടപ്പാക്കുമെന്നാണ് ആദിവാസികൾ ചോദിക്കുന്നത്. 

Tags:    
News Summary - Records show that tribal land was illegally transferred even after the 1999 Act came into force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.