കൊച്ചി: ജനങ്ങളെ അണിനിരത്തി സംസ്ഥാനത്തെ ഒഴുക്ക് നിലച്ച തോടുകളും പുഴകളും പുനരുജ്ജീവിപ്പിക്കാൻ പദ്ധതി. ഹരിത കേരള മിഷൻ നേതൃത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടി പുരോഗമിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ വരട്ടയാർ വീണ്ടെടുത്തതിന് സമാനമായ പ്രവർത്തനങ്ങളായിരിക്കും നടത്തുക. കണ്ണൂർ ജില്ലയിലെ കാനാമ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്ന പള്ളിക്കലാർ, കോലറയാർ, മീനച്ചിലാർ- മീനന്തലയാർ സംയോജന പദ്ധതി എന്നിവയുടെ പ്രാരംഭ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ജനപങ്കാളിത്തത്തോടെ വലിയ ഫണ്ട് ഉപയോഗിക്കാതെ തന്നെ ഇവ സാധ്യമാകുമെന്നാണു് പ്രതീക്ഷ.
നേരിട്ട് ഫണ്ട് സ്വരൂപിച്ചും ശ്രമദാനമായുമാണ് വരട്ടാർ പുനരുജ്ജീവനത്തിന് ജനങ്ങൾ പ്രവർത്തിച്ചത്. ഇതേ മാതൃക മറ്റു സ്ഥലങ്ങളിലും പിന്തുടരാനാണ് ആലോചന. പ്രാദേശിക ജനകീയ സമിതി രൂപവത്കരിച്ചായിരിക്കും തുടർ പ്രവർത്തനങ്ങൾ. പദ്ധതികളുടെ ഏകോപനത്തിനാണ് ഹരിത കേരള മിഷൻ നേതൃത്വം നൽകുന്നത്. തോടുകൾ, കുളങ്ങൾ, നീർച്ചാലുകൾ എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായിരിക്കും ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകുക. മീനച്ചിലാർ- മീനന്തലയാർ മേഖലയിൽ ഇതു പ്രകാരം കനാലുകളുടെ നീരൊഴുക്കാണ് ആദ്യം പുനഃസ്ഥാപിച്ചത്. തോടുകളും പുഴകളും വീണ്ടെടുത്ത് അവയ്ക്ക് സമീപം തരിശ് കിടക്കുന്ന കൃഷിഭൂമി വീണ്ടെടുക്കലാണ് മറ്റൊരു ലക്ഷ്യം. എറണാകുളം ജില്ലയിൽ പ്രാഥമിക പരിഗണന പെരിയാർ, കോതമംഗലം ആറ് എന്നിവക്കായിരിക്കും. ബജറ്റിൽ ഹരിത കേരള മിഷനിലെ ജലസേചന പ്രവർത്തനങ്ങൾക്ക് 190 കോടി, മണ്ണ് സംരക്ഷണത്തിന് 120 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. ഇതിൽനിന്നും തോട്, പുഴ നവീകരണത്തിന് ഫണ്ട് ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.
പ്രാരംഭ നടപടികൾക്കുശേഷം സാങ്കേതിക പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് തലം മുതൽ ജില്ല പഞ്ചായത്ത് വരെ സാങ്കേതിക സമിതി രൂപവത്കരിച്ച് സ്ഥായിയായ സംരക്ഷണത്തിന് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഹരിത കേരള മിഷൻ ജലവിഭവ വിഭാഗം കൺസൾട്ടൻറ് എബ്രഹാം കോശി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.