കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സി.പി.എം അനുഭാവികളെ കുത്തിനിറച്ച് പഠ നബോർഡുകൾ പുനഃസംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവും വിവാദവും. പ്രതിഷേധസൂചകമായി അപ്ലൈഡ് കെമിസ്ട്രി പഠനബോർഡിൽനിന്ന് പ്രഫ. അബ്രഹാം ജോസഫും എജുക്കേഷൻ പഠനബോർ ഡിൽനിന്ന് പ്രഫ. സി. നസീമയും രാജിവെച്ചു.
പ്രഫസർ തസ്തികയിൽ എട്ടു വർഷം പരിചയമു ള്ള അബ്രഹാം ജോസഫിനെ അംഗം മാത്രമാക്കി, പാർട്ടിയിൽ സ്വാധീനമുള്ള ജൂനിയർ അധ്യാപകനെ ച െയർമാനാക്കിയിരുന്നു. മുൻ ഡീനും ഏറെക്കാലം പരിചയമുള്ള അധ്യാപികയുമായ നസീമയെ എജുക്കേഷൻ പഠനബോർഡിൽ അംഗമായി മാത്രമാണ് പരിഗണിച്ചത്. അസിസ്റ്റൻറ് പ്രഫസർമാരെ ചെയർമാനും സീനിയർ പ്രഫസർമാരെ അംഗങ്ങളുമാക്കിയത് രാഷ്ട്രീയക്കളിയാണെന്നാണ് ആരോപണം. കാലിക്കറ്റ് സർവകലാശാലയുെട ചരിത്രത്തിലാദ്യമായാണ് അക്കാദമിക മികവിനേക്കാൾ ഭരണകക്ഷിയുടെ ഇഷ്ടക്കാരെന്ന ‘യോഗ്യത’ പഠനബോർഡ് രൂപവത്കരണത്തിൽ മാനദണ്ഡമായത്.
വെറും അംഗങ്ങളാക്കി, ജൂനിയർ അധ്യാപകർക്കു കീഴിൽ പഠനബോർഡുകളിൽ തുടരാൻ മുതിർന്ന അധ്യാപകരിൽ പലരും തയാറാവില്ലെന്നാണ് സൂചന. കോമേഴ്സ്, മാനേജ്മെൻറ് സ്റ്റഡീസ് എന്നീ ബോർഡുകളിലെ അംഗങ്ങളായ ചില പ്രഫസർമാരും രാജിക്കൊരുങ്ങുകയാണ്. രാഷ്ട്രീയമായി വിയോജിപ്പുള്ളതിനാൽ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈനെ പഠനബോർഡിലുൾപ്പെടുത്താത്തതും വിവാദമായിരുന്നു. വുമൺസ് സ്റ്റഡീസിലെ ഏക പ്രഫസറായ ഡോ. മോളി കുരുവിളയെ വുമൺസ് സ്റ്റഡീസ് പഠനബോർഡിലേക്ക് അടുപ്പിക്കാതിരുന്നതും രാഷ്ട്രീയലക്ഷ്യത്തോടെയായിരുന്നു.
ചെയർമാൻ സ്ഥാനത്തെത്താൻ വകുപ്പ് മേധാവിയോ പ്രഫസറോ ആകണമെന്ന നിബന്ധനയും പാലിച്ചിട്ടില്ല. മൾട്ടിമീഡിയ ബോർഡിലുള്ള പലർക്കും യോഗ്യതയില്ല. െപാളിറ്റിക്കൽ സയൻസ് പി.ജി ബോർഡിൽ ചരിത്രാധ്യാപകനെ ചെയർമാനാക്കിയതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ബോർഡുകളിലെ 95 ശതമാനം അംഗങ്ങളും സി.പി.എം അനുഭാവികളാണെന്ന് യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനയായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് യൂനിയൻ ഗവർണർക്ക് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്. അക്കാദമികമായ കഴിവുകളെ കാറ്റിൽപറത്തി, രാഷ്ട്രീയം മാത്രം പരിഗണിച്ചാണ് നിയമനമെന്നാണ് പ്രധാന ആക്ഷേപം. പഠനബോർഡ് പുനഃസംഘടന റദ്ദാക്കണമെന്ന് സംഘടന ഗവർണറോട് ആവശ്യപ്പെട്ടു. പഠനബോർഡുകളുടെ സമ്പൂർണ നിയന്ത്രണം ഉറപ്പുവരുത്താൻ വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ശ്രമിച്ചുവെന്നും ആരോപണമുണ്ട്. അതേസമയം, പാർട്ടി അനുഭാവികളായ സീനിയർ അധ്യാപകർതന്നെ എതിർത്തതോടെ പഠനബോർഡിൽ ചില മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.